ഹൈദരാബാദ്: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിൽ പ്രതികരണവുമായി കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ. കെജ്രിവാളിന് ജാമ്യം വൈകിയത് ഇൻഡ്യ സഖ്യത്തിന് വഴിയ നഷ്ടമെന്ന് ശശി തരൂർ പ്രതികരിച്ചു.
കെജ്രിവാളിന് ജാമ്യം ലഭിച്ചത് വലിയ മാറ്റമാണ്. താൻ സന്തോഷത്തിലാണ്. ഒരു ദേശീയ പാർട്ടിയുടെ നേതാവും നിലവിൽ മുഖ്യമന്ത്രിയുമായ ഒരാളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അറസ്റ്റ് ചെയ്തതിൽ നീതികരണമില്ല. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അറസ്റ്റ് നടന്നത്. ജൂൺ നാലു വരെ അവർക്ക് കാത്തിരിക്കാമായിരുന്നു. അറസ്റ്റിന് ഒരു കാരണവുമില്ല. ഇക്കാര്യം മനസിലാക്കിയ സുപ്രീംകോടതി ജാമ്യം അനുവദിച്ചു.
ജാമ്യം നൽകാനുള്ള തീരുമാനം നേരത്തെ ആകാമായിരുന്നു. ആഴ്ചകൾ വൈകിയത് കാരണം ഡൽഹിയിൽ ആം ആദ്മി പാർട്ടിക്കും ഇൻഡ്യ സഖ്യത്തിനും വേണ്ടിയും കെജ്രിവാളിന് പ്രചാരണം നടത്താൻ കഴിയാതെ പോയെന്നും ശശി തരൂർ എ.എൻ.ഐയോട് പ്രതികരിച്ചു.