തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ഡ്യൂട്ടിലുണ്ടായിരുന്ന ഡോക്‌ടറെ ഔദ്യോഗിക വസതിയിലേക്ക് വിളിച്ചുവരുത്തി കലക്‌ടർ ജെറോമിക് ജോർജ് അധികാരദുർവിനിയോഗം നടത്തിയെന്ന പരാതിയിൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി എം മൊഹമ്മദ് ഹാനിഷ് ആരോഗ്യവകുപ്പ് ഡയറക്‌ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഡോക്ടർമാരുടെ സംഘടന കെജിഎംഒഎയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കുഴിനഖത്തിന്റെ ചികിത്സയ്ക്കായി ഡോക്ടറെ വസതിയിലേക്ക് വിളിപ്പിച്ചത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു.
ശനിയാഴ്ചയാണ് ചികിത്സയ്ക്കായി ഡോക്ടറെ വേണമെന്ന് കലക്ടർ ഡിഎംഒയോട് ആവശ്യപ്പെട്ടത്. ഒപി നടക്കുന്നതിനിടെ രോഗികൾ കാത്തുനിൽക്കുമ്പോൾ ഡോക്ടർക്കും ജീവനക്കാരും കലക്‌ടറുടെ വസതിയിലേക്ക് പോകേണ്ടിവന്നെന്നും കലക്‌ടർ യോഗത്തിൽ പങ്കെടുക്കുകയായിരുന്നതിനാൽ ഒരു മണിക്കൂറോളം കാത്തുനിൽക്കേണ്ടി വന്നുവെന്നുമാണ് ആരോപണം. പരാതിക്കാരുമായും കലക്‌ടറുമായും സംസാരിച്ചെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും പ്രശ്‌നം പരിഹരിക്കാനുമുള്ള ഇടപെടൽ നടത്തുകയാണെന്നും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പറഞ്ഞു.