കട്ടപ്പന: ഇരട്ടയാറിൽ വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ ഇടിച്ചുവീഴ്ത്തിയെന്ന കേസിൽ പിടികൂടിയ യുവാവിനെ മർദിച്ച സംഭവത്തിൽ എസ്‌ഐയ്ക്കും സിപിഒയ്ക്കും സസ്‌പെൻഷൻ. കട്ടപ്പന എസ്‌ഐ സുനേഖ് ജെയിംസ്, സിപിഒ മനു പി ജോസ് എന്നിവർക്കെതിരെയാണ് എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ നടപടിയെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി എസ്‌ഐയെ ജില്ലാ പൊലീസ് ആസ്ഥാനത്തേയ്ക്കും സിപിഒയെ എആർ ക്യാമ്പിലേക്കും മാറ്റി നിർത്തിയിരുന്നു. ജില്ലാ ക്രൈംബ്രാഞ്ചിനാണ് അന്വേഷണച്ചുമതല.
ഏപ്രിൽ 25നാണ് സംഭവം. വാഹന പരിശോധനയ്ക്കിടെ മനു പി ജോസിനെ യുവാക്കൾ ബൈക്കിടിപ്പിച്ചുവെന്നാണ് കേസ്. പുളിയൻമല മടുക്കോലിപ്പറമ്പിൽ ആസിഫ്(18), പ്രായപൂർത്തിയാകാത്ത രണ്ടുപേർ എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. പ്രായപൂർത്തിയാകാത്തവരെ വിട്ടയക്കുകയും ആസിഫിനെ റിമാൻഡ് ചെയ്യുകയും ചെയ്തു.
കള്ളക്കേസാണെന്ന് ആരോപിച്ച് യുവാവിന്റെ ബന്ധുക്കൾ മനുഷ്യാവകാശ കമീഷനും സംസ്ഥാന പൊലീസ് മേധാവിക്കും നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. യുവാക്കളെ മർദിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ കട്ടപ്പന സ്റ്റേഷനിൽനിന്ന് അന്വേഷകസംഘം കണ്ടെത്തിയതായാണ് സൂചന.