കൊച്ചി> ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിച്ച ഡിജിറ്റൽ വാലറ്റ് സേവനമായ ഗൂഗിൾ വാലറ്റിൽ കൊച്ചി മെട്രോ ടിക്കറ്റും യാത്രാ പാസും സൂക്ഷിക്കാം. ഗൂഗിൾ വാലറ്റിൽ രാജ്യത്ത് ആദ്യമായി ഉൾപ്പെടുത്തപ്പെട്ട മെട്രോ സർവീസാണിത്. കൊച്ചി ആസ്ഥാനമായ പ്രുഡന്റ് ടെക്നോളജീസാണ് സാങ്കേതിക പിന്തുണയും സഹായങ്ങളും നൽകുന്നത്.
ടിക്കറ്റുകൾ, യാത്രാ പാസുകൾ, ബോർഡിങ് പാസ്, ലോയൽറ്റി കാർഡുകൾ, സിനിമാ ടിക്കറ്റുകൾ തുടങ്ങിവയെല്ലാം ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാനും ഉപയോഗിക്കാനും പേമെന്റുകൾ നടത്താനും സൗകര്യമുള്ള ആപ്ലിക്കേഷനാണ് ഗൂഗിൾ വാലറ്റ്. ഗൂഗിൾ പേ ആപ്പിനൊപ്പം പേമെന്റ് ആവശ്യങ്ങൾക്ക് ഇനി ഗൂഗിൾ വാലറ്റും ഉപയോഗിക്കാം. ഇപ്പോൾ ഇന്ത്യയിൽ ആൻഡ്രോയ്ഡ് ഡിവൈസുകളിൽ മാത്രമാണ് ഗൂഗിൾ വാലറ്റ് ലഭ്യമായിട്ടുള്ളത്.
കൊച്ചി ഡ്രീംസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കെഎംആർഎൽ എംഡി ലോക്നാഥ് ബെഹറ, ഗൂഗിൾ പ്രതിനിധി ആശിശ് മിത്തൽ, പ്രൂഡന്റ് ടെക്നോളജീസ് ഡയറക്ടർ ജീജോ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.