കണ്ണൂർ: ഒരാളെ എങ്ങനെ കഴുത്തറുത്ത് കൊല്ലാം എന്നതിൽ ഇന്റർനെറ്റ് സെർച്ച്, പിടിക്കപ്പെടാതിരിക്കാൻ ക്രൈംത്രില്ലർ സിനിമ പലവട്ടം കണ്ടു. പരമാവധി ശിക്ഷ എത്ര കിട്ടുമെന്നും, ജയിലിൽ നിന്ന് എത്ര വർഷം കഴിഞ്ഞ് പുറത്തിറങ്ങാൻ കഴയുമെന്നുമെല്ലാം സെർച്ച് ചെയ്ത് പഠിച്ചു. ഒരുപാട് കാരണങ്ങൾ കൊണ്ട് അപൂർവ്വങ്ങളിൽ അപൂർവ്വമായി പരിഗണിക്കാൻ കഴിയുന്ന ഒന്നാണ് വിഷ്ണുപ്രിയ വധക്കേസ്.
കണ്ണൂർ പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്. ശിക്ഷ തിങ്കളാഴ്ച വിധിക്കും. പ്രണയനൈരാശ്യത്തിന്‍റെ പകയിൽ വീട്ടിൽ അതിക്രമിച്ചുകയറി ശ്യാംജിത് വിഷ്ണുപ്രിയയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
സൗഹൃദത്തിൽ നിന്ന് പിൻവാങ്ങിയതിന്‍റെ പേരിൽ 23 കാരി വിഷ്ണുപ്രിയയെ അതിക്രൂരമായി കൊലപ്പെടുത്തിയ കൂത്തുപറമ്പ് സ്വദേശി ശ്യാംജിത്താണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. വിധി പറഞ്ഞത് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എവി മൃദുല. പ്രോസിക്യൂഷൻ ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളുൾപ്പെടെ അംഗീകരിച്ചായിരുന്നു വിധി.
2022 ഒക്ടോബർ 22നായിരുന്നു സംഭവം. സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിച്ചിരിക്കെ വിഷ്ണുപ്രിയയുടെ കിടപ്പുമുറിയിലേക്ക് അതിക്രമിച്ചു കയറി ശ്യാംജിത്. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി. കഴുത്തറത്ത് കൊലപ്പെടുത്തി. മരിച്ച ശേഷവും പത്തിലധികം തവണ കുത്തിപ്പരിക്കേൽപ്പിച്ചു. ശരീരത്തിലാകെ 29 മുറിവുകൾ. വീഡിയോ കോളിലുണ്ടായിരുന്ന പൊന്നാനി സ്വദേശി പ്രധാന സാക്ഷിയായി.
ആയുധം വാങ്ങിയതിന്‍റെയും പാനൂരിൽ എത്തിയതിന്‍റെയും സിസിടിവി ദൃശ്യങ്ങളും ശക്തമായ തെളിവായി. വിഷ്ണുപ്രിയയുടെ സുഹൃത്തിനെ വധിക്കാനും ശ്യാംജിത് പദ്ധതിയിട്ടിരുന്നു. അഞ്ചാം പാതിരയെന്ന ക്രൈം ത്രില്ലർ സിനിമ പലതവണ കണ്ടു. കുറ്റബോധമില്ലെന്നും പതിനാല് വർഷം കഴിഞ്ഞ് പുറത്തിറങ്ങി ജീവിക്കാമല്ലോ എന്നുമായിരുന്നു പ്രതി അന്വേഷണത്തിനിടെ ആവർത്തിച്ചത്.