ബെംഗളൂരു : ഒരോ മോഷണത്തിനുശേഷവും വേളാങ്കണ്ണിയിലെയും മൈസൂരുവിലെയും പള്ളികൾക്ക് സമീപമുള്ള യാചകർക്ക് പണ വിതരണം… കൈയിൽ എപ്പോഴും ബൈബിൾ… കഴിഞ്ഞദിവസം ബെംഗളൂരു പോലീസിന്റെ പിടിയിലായ ജോൺ മെൽവിൻ (46) എന്ന മോഷ്ടാവിന്റേതാണ് വ്യത്യസ്തമായ ഈ രീതികൾ. പണക്കാരുടെ വീട്ടിൽനിന്ന് മോഷണം നടത്തി പാവപ്പെട്ടവർക്ക് വിതരണം ചെയ്യുന്ന ‘റോബിൻഹുഡ്’ ശൈലിയിലുള്ള മോഷ്ടാവിനെ വിജയനഗറിലെ സർക്കാർ ഉദ്യോഗസ്ഥന്റെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് പോലീസ് പിടികൂടിയത്. ജാലഹള്ളിക്ക് സമീപത്ത് ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിൽ ഒറ്റയ്ക്കായിരുന്നു ഇയാളുടെ താമസം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന അൻപതോളം മോഷണങ്ങളിൽ ജോൺ മെൽവിന് പങ്കുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. 1994-ലായിരുന്നു ആദ്യ മോഷണം.
തുടർന്ന് നടത്തിയ മോഷണങ്ങൾക്കിടയിൽ ഒരിക്കൽപോലും പിടിക്കപ്പെട്ടില്ല. രാഷ്ട്രീയക്കാരുടെയും സമ്പന്നരുടെയും വീടുകളിൽമാത്രമാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. ആവശ്യമായ പണവും ആഭരണങ്ങളും മാത്രമെടുക്കുന്നതായിരുന്നു പതിവ്. മോഷ്ടിക്കപ്പെട്ടവയിൽ കള്ളപ്പണവും ഉണ്ടായിരുന്നതിനാൽ ചിലയിടങ്ങളിൽനിന്ന് പരാതികളുമുണ്ടായിരുന്നില്ല. ഒരു ഭാഗം പാവപ്പെട്ടവർക്കുവേണ്ടി മാറ്റിവെച്ചതിനുശേഷം ബാക്കിയുള്ള തുക സ്പാകളിൽനിന്ന് മസാജ് ചെയ്യാനും സുഭിക്ഷമായി ഭക്ഷണം കഴിക്കാനുമാണ് ഉപയോഗിച്ചിരുന്നത്. കൈവശമുള്ള തുക തീരുന്നതിനനുസരിച്ച് വീണ്ടും മോഷണത്തിനിറങ്ങും. പോലീസുകാരുടെ വീടുകളിലും കയറിയിട്ടുണ്ടെങ്കിലും വീട് പോലീസിന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെ സാധനങ്ങൾ തിരികെവെച്ചിട്ടുണ്ടെന്നും ഇയാൾ മൊഴി നൽകി.