വനംവകുപ്പിന്‍റെ കണക്കിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനുമുമ്പ് പശ്ചിമഘട്ടത്തിൽ 90 ശതമാനവും ഇടനാട്ടിൽ 75 ശതമാനവും കടൽക്കരയിൽ 60 ശതമാനവും വനാവരണമുണ്ടായിരുന്നു. അന്ന് മദ്രാസ് ഫോറസ്റ്റ് ആക്ട് 1882 പ്രകാരം ബ്രിട്ടീഷുകാർ മലബാറിലെയും കൊച്ചിൻ ഫോറസ്റ്റ് ആക്ട് 1905 പ്രകാരം കൊച്ചി രാജാവ് കൊച്ചിയിലെയും ട്രാവൻകൂർ ഫോറസ്റ്റ് ആക്ട് 1887 പ്രകാരം തിരുവിതാംകൂർ രാജാവ് തിരുവിതാംകൂറിലെയും വനം സംരക്ഷിച്ചിരുന്നു. അതായത്, ജനാധിപത്യ ഭരണം വന്നപ്പോൾ നാട്ടിലുള്ളവർ കാടുമുടിച്ചുവെന്ന് ചുരുക്കം.
വനം സംരക്ഷിക്കേണ്ടതിന്‍റെയും കൈയ്യേറ്റം ഒഴിപ്പിക്കേണ്ടതിന്‍റെയും ആവശ്യകത മനസിലാക്കാൻ ഈ ഒറ്റ റിപ്പോർട്ട് മതി. പക്ഷേ, ചെറിയൊരു കുഴപ്പമുണ്ട്. ‘ഫോറസ്റ്റ് കവർ’ എന്നു പറയുന്നത് വൃക്ഷമേലാപ്പ് എല്ലാംകൂടി ചേർത്താണ്. അതിൽ കർഷകർ കഷ്ടപ്പെട്ടുവെച്ച മാവും പ്ലാവും തെങ്ങും കവുങ്ങും റബർതോട്ടവുമെല്ലാം വരും. ഇവയും പ്രകൃതി സംരക്ഷണത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. എന്നാൽ വനം എന്നു പറയുമ്പോൾ സർക്കാർ വനമായ വിജ്ഞാപനം ചെയ്തിരിക്കുന്നയിടം മാത്രമാണ് ഉൾപ്പെടുന്നത്. സ്വാഭാവികമായും വനാവരണത്തിന്‍റെയും വനത്തിന്‍റെയും അളവ് താരതമ്യപ്പെടുത്തുമ്പോൾ കണ്ണുതള്ളും. പക്ഷേ, കേരള സർക്കാരിന്‍റെ കണക്കിൽ 1947 ൽ തിരുകൊച്ചിക്ക് കീഴിലുള്ള 9042.84 ചതുരശ്ര കിലോമീറ്ററിൽ 3064 ചതുരശ്ര കിലോമീറ്റർ മാത്രമാണ് വനം. അതായത് 33.89 ശതമാനം മാത്രം. സ്വാതന്ത്ര്യത്തിന്‍റെ അമ്പതാം വർഷത്തോടനുബന്ധിച്ച് ഇക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പ്രസിദ്ധീകരിച്ച സ്റ്റാറ്റിസ്റ്റിക്സ് സിൻസ് ഇൻഡിപെൻഡൻസ് എന്ന രേഖയിലാണ് ഇക്കാര്യം പറയുന്നത്.
സംസ്ഥാന വനംവകുപ്പിന്‍റെ മറ്റൊരു സ്ഥിതിവിവരക്കണക്ക് പ്രകാരം കേരളത്തിലെ ആകെ വനവിസ്തൃതി 11524.91 ചതുരശ്ര കിലോമീറ്ററാണ്. ഇതിൽ കൈയ്യേറിയതായി വനംവകുപ്പ് ചൂണ്ടിക്കാണിച്ചിരിക്കുന്നത് 50.25 ചതുരശ്ര കിലോമീറ്റർ വനമാണ്. ഇത് ആകെ വനഭൂമിയുടെ 0.4 ശതമാനംവരും. വനംവകുപ്പിന്‍റെ കണക്കിൽ ജില്ല, കൈയ്യേറിയ വനം (ഹെക്ടറിൽ) എന്ന ക്രമത്തിൽ ഇങ്ങനെയാണ്. തിരുവനന്തപുരം -0.59, കൊല്ലം-1.68, പത്തനംതിട്ട -12.33, കോട്ടയം – 105.88, ഇടുക്കി – 1462.50, എറണാകുളം -561.70, തൃശൂർ – 191.95, മലപ്പുറം – 659.99, പാലക്കാട് – 939.62, കോഴിക്കോട് – 64.2, വയനാട് – 948.77, കണ്ണൂർ – 52.66, കാസർകോഡ് – 22.67. ആകെ 5024.65 ഹെക്ടർ. സർക്കാർ കണക്കുപ്രകാരം ഏറ്റവും കൂടുതൽ വനംകൈയ്യേറ്റമുള്ളത് ഇടുക്കിയിലാണ്. പെരിയാർ ഈസ്റ്റ് വനംഡിവിഷനിൽ 4.39 ഹെക്ടർ, മറയൂർ ഡിവിഷനിൽ 0.03, മാങ്കുളം ഡിവിഷനിൽ 358.43, മൂന്നാർ ഡിവിഷനിൽ 1099.65 ഹെക്ടർ എന്നിങ്ങനെയാണ് കൈയ്യേറ്റത്തിന്‍റെ തോത്. എന്നാൽ, കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിനു കീഴിൽ വിവിധ സംസ്ഥാനങ്ങളിലെ വനവിസ്തൃതിയെക്കുറിച്ച് ആധികാരിക വിവരം നൽകുന്ന ഫോറസ്റ്റ് സർവെ ഓഫ് ഇന്ത്യയുടെ 2021 ലെ കണക്കിൽ കേരളത്തിന്‍റെ വനവിസ്തൃതി 9679 ചതുരശ്ര കിലോമീറ്റർ മാത്രമാണ്. വിത്യാസം 1846 ചതുരശ്ര കിലോമീറ്റർ. കൃഷിയോഗ്യമായ ഭൂമി വനത്തിന്‍റെ ഗണത്തിൽെപടുത്തരുതെന്ന 1988 ലെ കേന്ദ്രസർക്കാർ നിർദേശം പാലിച്ചാണ് ഫോറസ്റ്റ് സർവെ ഓഫ് ഇന്ത്യ വനവിസ്തൃതി നിർണയിക്കുന്നത്.
സർക്കാരിന്‍റെ റവന്യൂ ഭൂമിയും കുടിേയറ്റ കർഷകരുടെ ഭൂമിയുമൊക്കെ േചർത്ത് സംസ്ഥാന വനംവകുപ്പ് വനത്തിന്‍റെ അളവ് പ്രഖ്യാപിക്കുന്നതാണ് പ്രശ്നം. റവന്യൂ ഭൂമി വനംവകുപ്പ് കൈയ്യടക്കിയിട്ടുണ്ടെന്നത് സംബന്ധിച്ച് ഏറ്റവും ആധികാരികമായ റിപ്പോർട്ട് നൽകിയത് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി നിവേദിത പി. ഹരനാണ്. മൂന്നാർ, ചിന്നക്കനാൽ, പള്ളിവാസൽ അടക്കമുള്ളയിടങ്ങളിലെ അനധികൃത നിർമാണങ്ങളെയും കെയ്യേറ്റങ്ങളെയും കുറിച്ച് 2014 ഒക്ടോബർ 23 ന് അന്നത്തെ ചീഫ് സെക്രട്ടറിക്ക് നൽകിയ 21പേജുള്ള അന്വേഷണ റിപ്പോർട്ടിന്‍റെ 12,13 പേജുകളിൽ വനംവകുപ്പിന്‍റെ കൈയേറ്റം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ചിന്നക്കനാലിൽ റവന്യൂ വകുപ്പിന്‍റെ കീഴിലുള്ള 1500 ഹെക്ടർ ഭൂമി വനംവകുപ്പ് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്‍റ് ഫാക്ടറിക്ക് യൂക്കാലി വളർത്താൻ നൽകുകയായിരുന്നു. ഭൂപരിഷ്ക്കരണ നിയമത്തിന്‍റെ കീഴിൽ മിച്ചഭൂമിയായി കണ്ടെത്തിയ 17506 െഹക്ടർ ഭൂമിയിൽ ഉൾപ്പെടുന്ന സ്ഥലമാണിത്. ഈ ഭൂമി റവന്യൂ വകുപ്പിൽ നിന്ന് വനംവകുപ്പിന് വിട്ടുനൽകിയതായി രേഖകെളാന്നും കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിലുണ്ട്.
കൈയ്യേറിപ്പോയെന്ന് വനംവകുപ്പ് പറയുന്ന 5024.65 ഹെക്ടർ പ്രത്യേകം അളന്നുതിരിക്കുകയും നിയന്ത്രണങ്ങൾ ആ ഭാഗത്തുമാത്രമായി നിജപ്പെടുത്തുകയും ചെയ്താൽ കേരളത്തിലെ വനംകൈയ്യേറ്റം സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് കർഷകസംഘടനകൾ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ഈ വഴി ആലോചനകളൊന്നും പോകുന്നില്ല.