കാസർകോട്: മഞ്ചേശ്വരത്ത് റവന്യൂ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അനധികൃത ഖനനങ്ങളിൽ ഏർപ്പെട്ട ആറ് വാഹനങ്ങൾ പിടികൂടി. ജില്ലാ കളക്ടർ കെ ഇമ്പശേഖറിന്റെ നിർദ്ദേശ പ്രകാരം മഞ്ചേശ്വരം താലൂക്ക് പരിധിയിലായിരുന്നു അനധികൃത ഖനങ്ങൾക്കെതിരായ പരിശോധനകൾ. മഞ്ചേശ്വരം ഭൂരേഖ തഹസിൽദാർ കെ.ജി മോഹൻ രാജ് നേതൃത്വത്തിൽ താലൂക്ക് സ്‌ക്വാഡ് വിവിധ വില്ലേജുകളിൽ പരിശോധന നടത്തിയപ്പോഴാണ് ആറ് വാഹനങ്ങൾ പിടികൂടിയത്. കഴിഞ്ഞ ഒരാഴ്ചക്കിടെ അനധികൃത ഖനനങ്ങളിലേർപ്പെട്ട 10 വാഹനങ്ങൾ പിടികൂടിയിട്ടുണ്ട്. അനധികൃത ഖനനങ്ങൾക്കെതിരെ ഇനിയും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കഴിഞ്ഞയാഴ്ച പാലക്കാട് ജില്ലയിലും സമാനമായ പരിശോധനകൾ നടത്തിയിരുന്നു. പ്രകൃതി ചൂഷണങ്ങൾ തടയുന്നതിന്റെ ഭാഗമായി ഒറ്റപ്പാലത്ത് സബ് കലക്ടർ ഡോ. മിഥുൻ പ്രേംരാജിന്റെ നേതൃത്വത്തിലായിരുന്നു ഈ പരിശോധന. സ്പെഷ്യൽ സ്‌ക്വാഡും ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാർക്കാട് താലൂക്ക് സ്‌ക്വാഡുകളും നടത്തിയ മിന്നൽ പരിശോധനയിൽ ഏഴ് വാഹങ്ങൾ പിടികൂടി. പരിശോധനയിൽ തച്ഛനാട്ടുകര, കൊപ്പം എന്നിവിടങ്ങളിൽ അനധികൃത കരിങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നതായും കണ്ടെത്തിയിരുന്നു.
പട്ടാമ്പി താലൂക്കിൽ കൊപ്പം പ്രഭാപുരത്ത് പ്രവർത്തിച്ചിരുന്ന ക്വാറിയിൽനിന്നു രണ്ടു ടിപ്പർ ലോറികളും ഒരു ഹിറ്റാച്ചിയും ഒരു ബ്രേക്കറും പിടിച്ചെടുത്തു. തിരുമിറ്റക്കോട് ഒന്ന് വില്ലേജിലെ ചെട്ടിപ്പടിയിൽ പുഴമണൽ കയറ്റിവരികയായിരുന്ന കാറും ഒറ്റപ്പാലം ഒന്ന് വില്ലേജ് പരിധിയിൽ ഡാറ്റാബാങ്കിൽ ഉൾപ്പെട്ട നെൽവയൽ അനധികൃതമായി നികത്തിക്കൊണ്ടിരുന്ന മണ്ണുമാന്തി യന്ത്രവും മണ്ണാർക്കാട് കുമരമ്പത്തൂർ വട്ടമ്പലത്ത് ട്രാൻസിറ്റ് പാസ്സ് ഇല്ലാതെ കല്ല് കടത്തുകയായിരുന്ന ടിപ്പർ ലോറിയും പിടികൂടി.