മട്ടാഞ്ചേരി : ഫോർട്ടുകൊച്ചിയിൽ ലോഡ്ജ് ഉടമയെ ഭീഷണിപ്പെടുത്തി, പണം തട്ടിയെടുത്ത കേസിൽ യുവതിയും സുഹൃത്തും പിടിയിലായി. മട്ടാഞ്ചേരി മംഗലത്ത് പറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന റിൻസീന (29), ഫോർട്ടുകൊച്ചി സ്വദേശി ഷാജി എന്ന ഷാജഹാൻ (25) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 25-നാണ് റിൻസീന ഫോർട്ടുകൊച്ചിയിലെ ലോഡ്ജിൽ മുറിയെടുത്തത്. ലോഡ്ജിൽനിന്ന് ശീതളപാനിയം കഴിച്ചപ്പോൾ, അസുഖം ബാധിച്ചെന്നു പറഞ്ഞ് ഇവർ കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായി. തുടർന്ന് ഇവർ ലോഡ്ജ് ഉടമയെ വിവരമറിയിച്ചു. വിവരമറിഞ്ഞ് ലോഡ്ജ് ഉടമയും സുഹൃത്തും ആശുപത്രിയിലെത്തിയപ്പോൾ, യുവതിയും ഒപ്പമുണ്ടായിരുന്ന ഇവരുടെ സുഹൃത്തും ചേർന്ന് ഇവരെ ആശുപത്രിമുറിയിൽ പൂട്ടിയിട്ടു. തുടർന്ന് രണ്ടുപേരും ചേർന്ന് ഇവരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ലോഡ്ജ് ഉടമ ശീതളപാനിയത്തിൽ ഏതോ വസ്തു കലർത്തി നൽകിയെന്നു പറഞ്ഞായിരുന്നു ഭീഷണി. തുടർന്ന് ലോഡ്ജ് ഉടമയുടെ കൈവശമുണ്ടായിരുന്ന 11,000 രൂപയും രേഖകളും തട്ടിയെടുത്തു.
ലോഡ്ജിൽ ഒറ്റയ്ക്ക് താമസിച്ച യുവതി, ലോഡ്ജ് ഉടമയെ അശ്ലീലക്കെണിയിൽ വീഴ്ത്താനാണ് ആദ്യം ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതിനായി മൊബൈലിൽ ഇയാൾക്ക് സന്ദേശങ്ങൾ അയച്ചെങ്കിലും ലോഡ്ജ് ഉടമ ഇതിൽ വീണില്ല. ഒടുവിൽ ശാരീരികാസ്വസ്ഥതകൾ അഭിനയിച്ച് ഇയാളെ ആശുപത്രിയിലേക്ക് വിളിക്കുകയായിരുന്നു. ആശുപത്രിമുറിയിൽ വെച്ച് യുവതിയും സുഹൃത്തും ചേർന്ന് ലോഡ്ജ് ഉടമയുടെ വിവിധ തരത്തിലുള്ള ചിത്രങ്ങളെടുത്തു. വീഡിയോകളും പകർത്തി. സംഭവം പുറത്തുപറഞ്ഞാൽ, ഈ ചിത്രങ്ങൾ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. എന്നാൽ, ലോഡ്ജ് ഉടമ പോലീസിൽ പരാതി നൽകി.
യുവതി മുമ്പ് എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികളുടെ ബന്ധുക്കളെ കേന്ദ്രീകരിച്ച് സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു. മട്ടാഞ്ചേരി ഇൻസ്പെക്ടർ പി.കെ. സാബു, സബ് ഇൻസ്പെക്ടർമാരായ ഒ.ജെ. ജോർജ്, മധുസൂദനൻ, പോലീസ് ഉദ്യോഗസ്ഥരായ ബിജു, എഡ്വിൻ റോസ്, കെ.എ. അനീഷ്, എ.ടി. കർമിലി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.