കൊച്ചി : തിരുവനന്തപുരം അമ്പലംമുക്കിൽ ചെടിവിൽപ്പനക്കടയിലെ ജീവനക്കാരിയായ വിനിതമോളെ കൊന്ന കേസിൽ കൊടുംകുറ്റവാളി രാജേന്ദ്രൻ പിടിയിലായതോടെ വീണ്ടും ചർച്ചയാകുകയാണ് കോതമംഗലത്ത് നടന്ന മൂന്നു സ്ത്രീകളുടെ കൊലപാതകങ്ങൾ. രാജേന്ദ്രനെപ്പോലെ കൊലപാതകങ്ങൾ തുടർക്കഥയാക്കിയ ആരോ ആണ് കോതമംഗലം ചെറുവട്ടൂരിലും മാതിരപ്പിള്ളിയിലും കൊലകൾ നടത്തിയതെന്നാണ് സംശയം. വർഷങ്ങൾ പഴക്കമുള്ള ഈ കേസുകളിൽ പ്രതിയെ കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച് വിയർക്കുന്നതിനിടെയാണ് കഴിഞ്ഞവർഷം കോതമംഗലം അയിരൂർപ്പാടത്തും സമാനമായ മറ്റൊരു കൊലപാതകം അരങ്ങേറിയത്. ഇതിലെ പ്രതിയെയും കണ്ടെത്താനായിട്ടില്ല. ചെറുവട്ടൂരിൽ അങ്കണവാടി അധ്യാപിക നിനിയും മാതിരപ്പിള്ളിയിൽ ഷോജി ഷാജി എന്ന വീട്ടമ്മയും അയിരൂർപ്പാടത്ത് ആമിന എന്ന വീട്ടമ്മയും ആണ് കൊല്ലപ്പെട്ടത്.
2009 മാർച്ച് 11-നാണ് നിനിയെ കുളിക്കടവിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തുന്നത്. രാവിലെ അങ്കണവാടിയിൽ ജോലിക്ക് പോകുംമുമ്പ് വീടിനടുത്തുള്ള തോട്ടിൽ കുളിക്കാനിറങ്ങിയതായിരുന്നു നിനി. മൃതദേഹം കുളിക്കടവിന് സമീപം പൊന്തക്കാട്ടിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. 2012 ഓഗസ്റ്റ് എട്ടിനാണ് ഷോജി ഷാജി പട്ടാപ്പകൽ വീടിനുള്ളിൽ കഴുത്തറത്ത് കൊല്ലപ്പെട്ടത്. 2021 മാർച്ച് ഏഴിനാണ് അയിരൂർപ്പാടം പാടത്ത് പുല്ലരിയാനായി പോയ ആമിന കൊല്ലപ്പെടുന്നത്. പാടത്തെ കൈത്തോട്ടിലായിരുന്നു മൃതദേഹം കണ്ടത്. ആദ്യ രണ്ട് കൊലപാതകങ്ങൾ നടത്തിയത് ഒരാളെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഇതിന് ചില കാരണങ്ങളുണ്ട്. രണ്ടു സംഭവങ്ങൾ നടക്കുമ്പോഴും പരിസരത്ത് ഒരു ബൈക്ക് കണ്ടെത്തിയിരുന്നു. ഇത് കൊലപാതകിയുടേതെന്ന് സംശയിക്കുന്നുണ്ട്. കുട്ടമ്പുഴ സ്വദേശിയുടേതാണ് ബൈക്ക്. ഈ ബൈക്ക് കൈമാറ്റം ചെയ്തിരുന്നു. എന്നാൽ, കുട്ടംപുഴ സ്വദേശി മരിച്ചതിനാൽ ആർക്കാണ് ബൈക്ക് കൈമാറിയതെന്ന് കണ്ടെത്താനായില്ല.
ഷോജിയുടെയും ആമിനയുടെയും മരണങ്ങൾ കൊലപാതകമാണെന്ന് തിരിച്ചറിയാൻ വൈകിയത് തെളിവു ശേഖരണത്തിന് തിരിച്ചടിയായി. നിനിയുടെ കൊലപാതകം നടന്നിടത്തുനിന്നും കാര്യമായ തെളിവുകൾ ശേഖരിക്കാനായില്ല. മൂന്നു കേസുകളിലും തുടക്കത്തിൽ ലോക്കൽ പോലീസ് തെളിവു ശേഖരണത്തിൽ വീഴ്ചവരുത്തിയതായും ആക്ഷേപം ഉയർന്നിരുന്നു. കേസുകൾ സി.ബി.ഐ. അന്വേഷിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല.