വിമാനത്താവളങ്ങളുടെ സമീപം താമസിക്കുക ഏറെ ദുഷ്ക്കരമാണ്. പ്രധാനമായും വിമാനങ്ങള്‍ പറന്നുയരുമ്പോഴും പറന്നിറങ്ങുമ്പോഴുമുള്ള ശബ്ദം തന്നെ. മണിക്കൂറില്‍ നിരവധി വിമാനങ്ങള്‍ പറന്നുയരുന്ന വിമാനത്താവളങ്ങള്‍ക്ക് സമീപമാണ് താമസമെങ്കില്‍ ചെവിക്കുള്ളില്‍ എപ്പോഴും ഒരുതരം ഇരപ്പലായിരിക്കും. അതേസമയം വിമാനങ്ങളില്‍ നിന്ന് പലപ്പോഴും പല വസ്തുക്കളും ഭൂമിയിലേക്ക് വീഴുന്നുവെന്ന പരാതിയും ഉയരുന്നു. കഴിഞ്ഞ ദിവസം അമേരിക്കയിലെ യൂട്ടായിലെ ഒരു സ്ത്രീയുടെ വീട്ടില്‍ ഇത്തരമൊരു വസ്തു വിമാനത്തില്‍ നിന്നും വീണ് സ്ത്രീയുടെ ഒരു ആട് ചത്തെന്ന് പരാതി ഉയര്‍ന്നു.
കാസിഡി ലൂയിസ് എന്ന സ്ത്രീയാണ് പരാതിയുമായി രംഗത്തെത്തിയത്. അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ എന്തോ വലിയ വസ്തു വീഴുന്ന ശബ്ദം കേട്ട് താന്‍ ഭയന്നതായി അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു സ്ഫോടനം നടന്നത് പോലെയുള്ള ശബ്ദമാണ് കേട്ടത്. ശബ്ദം കേട്ട് ഭയന്ന കാസിഡി വീടിന് പുറത്തേക്ക് ഓടി. അപ്പോഴാണ് തന്‍റെ ആടുകളെ വളര്‍ത്തുന്ന കൂടിന് മുകള്‍ വശത്ത് വലിയൊരു ദ്വാരം കണ്ടത്. തുടര്‍ന്ന് കൂട് തുറന്ന് നോക്കിയപ്പോള്‍ ഐസ് കഷ്ണങ്ങള്‍ ചിതറിക്കിടക്കുന്നതായും കൂട്ടത്തില്‍ ഒരാട് വീണ് കിടക്കുന്നതായും കണ്ടെത്തി.
ആകാശത്ത് നിന്നും ഐസ് കഷ്ണവീണ് ആടിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ധാരാളം രക്തവും നഷ്ടപ്പെട്ട് ആട് ചത്ത് പോയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആട്ടിന്‍ കൂട്ടിലെ ദ്വാരത്തിന്‍റെ വലിപ്പം വച്ച് വലിയൊരു ഐസ് കഷ്ണമാണ് വിമാനത്തില്‍ നിന്നും വീണതെന്ന് കാസിഡി ലൂയിസ് പറഞ്ഞു. “അതിന് കുറഞ്ഞത് ഒരു ബാസ്ക്കറ്റ് ബോളിന്‍റെ വലിപ്പമുണ്ടെന്ന് കരുതുന്നു.’ എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ഫോടന ശബ്ദം കേട്ടപ്പോള്‍ ബോംബാക്രമണമാണെന്ന് തെറ്റിദ്ധരിച്ചെന്നും അവര്‍ പറയുന്നു. തുടര്‍ന്ന് സംഭവത്തെ കുറിച്ച് പോലീസില്‍ വിവരമറിയിച്ചു. വിമാനത്തില്‍ നിന്നും ഐസ് കഷ്ണം വീണതാകാമെന്ന് പോലീസ് അറിയിച്ചു. കേസ് അന്വേഷണം ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷന് കൈമാറി. ‘വിമാനം ഓരോ തവണ വീടിന് മുകളിലൂടെ പറന്ന് പോകുമ്പോഴും ഇപ്പോള്‍ ഭയമാണ്.’ കാസിഡി ലൂയിസ് പറഞ്ഞതായി മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു.