ഉത്തരാഖണ്ഡിലെ ഗഡ്‌വാൾ ഹിമാലയത്തിൽ ചാർധാം തീർത്ഥ യാത്ര ആരംഭിച്ചു. ബദരീനാഥ് ക്ഷേത്ര നട ഇന്ന് ഭക്തർക്കായി തുറന്നു. കേദാർനാഥ്, യമ്യുനോത്രി, ഗംഗോത്രി ക്ഷേത്രങ്ങൾ വെള്ളിയാഴ്ച തുറന്നിരുന്നു. ശൈത്യകാലത്ത് ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് തീർത്ഥാടകർക്കായി ചാർധാം ക്ഷേത്രകവാടങ്ങൾ തുറന്നത്. വേദമന്ത്രങ്ങൾ, പൂജ, ധോൾ, നാഗദശ എന്നിവക്കൊപ്പം ആർമി ബാൻഡ് വാദ്യത്തിന്റെ അകമ്പടിയോടെയാണ് ക്ഷേത്രം തുറന്നത്.
നാലുമണിയോടെ ആരംഭിച്ച ചടങ്ങുകൾക്കൊടുവിൽ ആറുമണിക്ക് ക്ഷേത്രനടകൾ തുറന്നു. പുഷ്പങ്ങളാൽ അലങ്കരിച്ച ക്ഷേത്രപരിസരത്ത് മഴയെ നൂറുകണക്കിന് ഭക്തർ ദർശനത്തിനെത്തി. വെള്ളിയാഴ്ച അക്ഷയതൃതീയ പ്രമാണിച്ച് കേദാർനാഥ്, യമ്യുനോത്രി, ഗംഗോത്രി ക്ഷേത്ര വാതിലുകൾ തുറന്നിരുന്നു.
ഇതോടെ ഈ വർഷത്തെ ചാർധാം തീർത്ഥ യാത്ര ആരംഭിച്ചു.
ശനിയാഴ്ച വൈകിട്ട് 4 മണി വരെ 7,37,885 പേർ ബദരീനാഥിൽ ദർശനത്തിനായി ഓൺലൈനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം 18,39,591 പേർ ക്ഷേത്രം സന്ദർശിച്ചിരുന്നു.