മലപ്പുറം : മലയാളികളുടെ പ്രിയപ്പെട്ട വാവ സുരേഷ് ആരോഗ്യവാനായി ആശുപത്രി വിട്ട് വീട്ടിൽ തിരിച്ചെത്തിയതിലെ സന്തോഷത്തിൽ സൗജന്യ ഭക്ഷണം വിളമ്പി മലപ്പുറം വണ്ടൂരിൽ കുടുംബശ്രീ ഹോട്ടൽ. ഭക്ഷണം കഴിച്ചതിന് ശേഷമാണ് കുടുംബശ്രിക്കാർ ഈ സർപ്രൈസ് പൊട്ടിച്ചത്. ചോറ്, സമ്പാറ്, മീൻ കറി, ഉപ്പേരി, കൂട്ടുകറി, ചമ്മന്തി, അച്ചാർ, മസാലക്കറി, പപ്പടം, പായസം അങ്ങനെ വിഭവങ്ങൾ എല്ലാമുണ്ട്. അങ്ങാടിയിലെ കച്ചവടക്കാർ, വിവിധ ഓഫിസുകളിലെ ഉദ്യോസ്ഥർ, വിദ്യാർത്ഥികൾ എന്നിവരാണ് പതിവായി മലപ്പുറം വണ്ടൂരിലെ കുടുംബശ്രീ ഹോട്ടലിൽ ഉച്ചഭക്ഷണത്തിനെത്താറ്. ഭക്ഷണം കഴിച്ച ശേഷം പണം നൽകാൻ കൗണ്ടറിൽ എത്തിയപ്പോഴാണ് എല്ലാവർക്കും ആ സർപ്രൈസ് മനസിലായത്. ആരുടെ കൈയിൽ നിന്നും പണം വാങ്ങിയില്ല.
പാമ്പ് പിടിത്തത്തിനിടെ കടിയേറ്റ വാവ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കുടുംബശ്രീ ഹോട്ടൽ പ്രസിഡൻറായ കെ സി നിർമ്മല മനസിൽ കുറിച്ചതായിരുന്നു വാവ സുഖം പ്രാപിച്ച ശേഷം കടയിലെത്തുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യമായി നൽകണമെന്ന്. കൊവിഡ് വ്യാപന കാലത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു കെ സി നിർമ്മലയും ഈ കുടുംബശ്രീ ഹോട്ടലും.