കോഴിക്കോട്: ഭൂവുടമകളുടെയോ പ്രദേശവാസികളുടെയോ അറിവില്ലാതെ മൊബൈല്‍ ടവര്‍ നിര്‍മിക്കാന്‍ ശ്രമിച്ചതായി ആരോപണം. രാമനാട്ടുകര നഗരസഭയിലെ 31ാം ഡിവിഷനില്‍പ്പെട്ട ചേടക്കല്‍ പറമ്പിലാണ് സ്വകാര്യ മൊബൈല്‍ കമ്പനി ടവര്‍ നിര്‍മാണം തുടങ്ങിയത്. ഭൂവുടമകളുടെയും നാട്ടുകാരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് നിർമാണം നിര്‍ത്തിവെക്കേണ്ടിവന്നു.
ടവര്‍ നിര്‍മിക്കുന്ന ഭൂമി നാല് ആളുകളുടെ പേരിലുള്ള കൂട്ടുസ്വത്താണെന്ന് ഉടമകള്‍ പറയുന്നു. ഇതില്‍ മൂന്ന് പേര്‍ അറിയാതെയും നാട്ടുകാരുടെ എതിര്‍പ്പും അവഗണിച്ചാണ് നിര്‍മാണ പ്രവൃത്തി നടത്തിയതെന്നാണ് ആരോപണം. സ്ഥലത്ത് ജെ സി ബി എത്തിച്ച് ഭീമന്‍ കുഴി എടുക്കുമ്പോഴാണ് ആളുകള്‍ മൊബൈൽ ടവർ നിർമാണം സംബന്ധിച്ച വിവരം അറിയുന്നത്. തുടർന്ന് ഡിവിഷന്‍ കൗണ്‍സിലര്‍ കെ ഫൈസലിന്റെ നേതൃത്വത്തില്‍ ഭൂമി ഉടമകളും നാട്ടുകാരും ചേര്‍ന്ന് നിര്‍മാണം തടയുകയായിരുന്നു. പ്രതിഷേധക്കാര്‍ അനധികൃത നിര്‍മാണത്തിനെതിരെ കലക്ടര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.