കരിപ്പൂർ: കരിപ്പൂർ എയർപോർട്ടിൽ വൻ സ്വർണ വേട്ട. ക്യാപ്സ്യൂളുകളായി വയറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 63 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. സംഭവത്തിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. രാവിലെ എട്ടരയ്ക്ക് മസ്കറ്റിൽ നിന്നും കരിപ്പൂരിൽ എത്തിയ ഒമാൻ എയർ വിമാനത്തിലാണ് മുഹമ്മദ് വന്നത്. വരവ് വെറും കൈയോടെ ആയിരുന്നെങ്കിലും വയറിൽ 887 ഗ്രാം സ്വർണം ഉണ്ടായിരുന്നു. എയർപോർട്ടിലെ പരിശോധനകൾ എല്ലാം സംശയത്തിന് ഒരു ഇടയും വരുത്താതെ പൂർത്തിയാക്കി. എന്നാൽ പുറത്തെത്തിയപ്പോഴേക്കും പോലീസിന്റെ പിടിവീണു. കോഴിക്കോട് നാദാപുരം സ്വദേശിയാണ് പിടിയിലായ മുഹമ്മദ്.
ഇയാൾക്കൊപ്പം സ്വർണ്ണം വാങ്ങാൻ എത്തിയ രണ്ടുപേർ കൂടി വലയിലായി. കുറ്റ്യാടി സ്വദേശികളായ സജീറും അബു സാലിഹുമാണ് സ്വർണം വാങ്ങാനെത്തിയത്. മൂന്ന് ക്യാപ്സ്യൂളുകളായി വയറ്റിൽ ഒളിപ്പിച്ചു കടത്തിക്കൊണ്ടുവന്ന സ്വർണം ഇവർക്ക് കൈമാറാനായിരുന്നു പദ്ധതി. ഇതിന് മുഹമ്മദിന് കൂലി 70,000 രൂപയും.
ഈ തുകയും പ്രതികൾ സഞ്ചരിച്ച കാറും പോലീസ് പിടിച്ചെടുത്തു. കുറ്റ്യാടി സ്വദേശിയായ റംഷാദിന് വേണ്ടിയാണ് സ്വർണ്ണം എത്തിച്ചതെന്ന് പ്രതികൾ മൊഴി നൽകി. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്. പിടിച്ചെടുത്ത സ്വർണ്ണം കോടതിയിൽ സമർപ്പിക്കും.തുടർ നടപടികൾക്കായി വിശദ റിപ്പോർട്ട് പ്രിവന്റീവ് കസ്റ്റംസിനും കൈമാറും.