മുംബൈ: കനത്ത പൊടിക്കാറ്റിലമർന്ന് മുംബൈ. ഈ സീസണിലെ ആദ്യ മഴക്ക് പിന്നാലെയാണ് മുംബൈയിൽ പൊടിക്കാറ്റ് വീശിയത്. ഘട്‌കോപ്പർ, ബാന്ദ്ര കുർള, ധാരാവി മേഖലകളിൽ ശക്തമായ കാറ്റും മഴയും ഉണ്ടായി.
ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. കനത്ത കാറ്റിൽ കൂറ്റൻ പരസ്യ ബോർഡുകൾ മറിഞ്ഞുവീണും മറ്റും നിരവധി സ്ഥലങ്ങളിൽ അപകടങ്ങളുണ്ടായി. ട്രെയിൻ, മെട്രോ, റോഡ് ഗതാഗതം സ്തംഭിച്ചു. വ്യാപകമായി വൈദ്യുതി മുടങ്ങുകയും ചെയ്തു.
രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ മുംബൈ വിമാനത്താവളത്തിലെ ലാൻഡിങ്, ടേക്ക് ഓഫ് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും പിന്നീട് പുനരാരംഭിക്കുകയും ചെയ്തു. 15 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്.
ഘാട്‌കോപ്പറിലെ ചെദ്ദാനഗർ ജങ്ഷനിലെ പെട്രോൾ പമ്പിന് സമീപത്തെ 100 അടി ഉയരമുള്ള പരസ്യബോർഡാണ് കാറ്റിൽ മറിഞ്ഞുവീണത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.