ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ വേനലായിരുന്നു കഴിഞ്ഞ ദിവസം വരെ. എന്നാല്‍ ഇന്നലെ വൈകീട്ടോടെ മുംബൈയില്‍ ശക്തമായ പൊടിക്കാറ്റും പിന്നാലെ കാറ്റും മഴയും ആഞ്ഞ് വീശി. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും നിരവധി മരങ്ങള്‍ കടപുഴകുകയും ചെയ്തു. നിരവധി ഹോള്‍ഡിംഗുകള്‍ തകര്‍ന്നു വീഴുന്ന വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. വിവിധ അപകടങ്ങളിലായി 14 പേര്‍ മരിക്കുകയും 76 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് മുംബൈയുടെ ആകാശത്ത് പൊടിക്കാറ്റ് വീശിയടിച്ചത്. പിന്നാലെ വേനലിലെ ആദ്യ മഴയും എത്തി. മഴയോടൊപ്പം വീശിയടിച്ച കൊടുങ്കാറ്റിലാണ് ഹോള്‍ഡിംഗുകളും മരങ്ങളും കടപുഴകിയത്. ഘട്‌കോപ്പർ, ബാന്ദ്ര കുർള, ധാരാവി തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ കാറ്റ് വീശിയടിച്ചു. പെട്ടെന്ന് പ്രകൃതിയിലുണ്ടായ അസാധാരണമായ മാറ്റം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. നഗരത്തെ മീടിയ രീതിയില്‍ പൊടിക്കാറ്റ് അടിച്ചപ്പോള്‍ മുംബൈ നഗരത്തിന്‍റെ അസാധാരണമായ സൌന്ദര്യം വെളിവായെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ വന്ന കുറിപ്പുകള്‍.