മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബൊലേനൊ ഏഴാം വയസിന്റെ നിറവിലാണ്. 2015-ൽ നിരത്തുകളിൽ എത്തിയ ഈ വാഹനം കഴിഞ്ഞ ആറ് വർഷങ്ങളിലും മികച്ച സ്വീകാര്യത നേടിയാണ് കുതിച്ചിരുന്നത്. 2019-ൽ ചെറുതായി മുഖംമിനുക്കിയ ഈ വാഹനം 2022-ൽ ഒരു തലമുറ മാറ്റത്തിനുള്ള തയാറെടുപ്പിലാണ്. ഡിസൈനിലും ഫീച്ചറുകളിലും ന്യൂജനറേഷൻ ആകുന്ന ബൊലേനൊ 2022 ഫെബ്രുവരി 23-ന് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ബുക്കിങ്ങ് ഇതിനോടകം സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. പുതിയ ബൊലേനൊയുടെ ഏക്സ്റ്റീരിയറിന്റെ ഡിസൈനും ഇന്റീരിയറിലെ ഫീച്ചറുകളെയും സംബന്ധിച്ച സൂചനകൾ നൽകുന്ന ടീസറുകൾ മാരുതി പുറത്തുവിട്ടിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് പുതുതായി 11 ഫീച്ചറുകളാണ് ഈ വാഹനത്തിൽ നൽകുന്നത്.
യാത്രക്കാർക്ക് സുരക്ഷയൊരുക്കുന്നതിനും കൂടുതൽ കംഫർട്ടബിൾ ആക്കുന്നതിനുമാണ് കൂടുതൽ പ്രധാന്യം നൽകിയിരിക്കുന്നത്. എന്നാൽ ന്യൂജെൻ ആകുന്നതിനായി കണക്ടിവിറ്റി സംവിധാനങ്ങളിലും മാരുതി കൈവെച്ചിട്ടുണ്ട്. ബൊലേനോ ഉൾപ്പെട്ടിട്ടുള്ള പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ തന്നെ ആദ്യമായി നൽകുന്ന രണ്ട് ഫീച്ചറുകളാണ് അകത്തളത്തിൽ ഒരുങ്ങുന്നത്. 360 ഡിഗ്രി ക്യാമറ, ഹെഡ്അപ്പ് ഡിസ്പ്ലേ എന്നിവയാണ് സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകൾ. ക്ലൈമറ്റ് കൺട്രോൾ, സ്പീഡ്, ടൈം, നിലവിലെ ഇന്ധനക്ഷമത എന്നിവയാണ് ഈ ഹെഡ്അപ്പ് ഡിസ്പ്ലേയിൽ തെളിയുന്നത്. 9.0 ഇഞ്ച് വലിപ്പമുള്ള ഫ്രീ സ്റ്റാന്റിങ്ങ് സ്മാർട്ട്പ്ലേ പ്രോ പ്ലസ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഇതിലെ കണക്ടിവിറ്റി ഫീച്ചറിന് അടിസ്ഥാനം. വയർലെസ് ആപ്പിൾകാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ, കണക്ടഡ് കാർ ടെക്നോളജി, വയർലെസ് ചാർജിങ്ങ്, അലക്സ വോയിസ് കമാന്റ്, പുതിയ ഫ്ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീൽ എന്നിവയും ഈ വാഹനത്തിൽ പുതുമ ഒരുക്കുന്നവയാണ്.
കാര്യക്ഷമമായ സുരക്ഷയും പുതിയ ബൊലേനോ ആനുകൂല്യം ചെയ്യുന്നുണ്ട്. ക്രൂയിസ് കൺട്രോൾ, ഉയർന്ന വകഭേദത്തിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക്സ് സ്റ്റെബിലിറ്റി പ്രോഗ്രാം തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും ഇതിൽ നൽകുന്നുണ്ട്. എക്സ്റ്റീരിയറിലെ ഡിസൈൻ മാറ്റത്തിന്റെ സൂചന നൽകിയാണ് ടീസറുകൾ പുറത്തുവിട്ടിട്ടുള്ളത്. പുതിയ ഡിസൈനിൽ കൂടുതൽ വലിപ്പത്തിലുള്ള ഗ്രില്ലാണ് ബൊലേനോയിൽ പുതുമയുള്ള മുഖമൊരുക്കുന്നത്. ആകർഷകമായ ഡിസൈനിൽ എൽ.ഇ.ഡിയിൽ ഒരുങ്ങിയിട്ടുള്ള ഹെഡ്ലാമ്പും ഡി.ആർ.എല്ലും മുഖസൗന്ദര്യത്തിന് മാറ്റുകൂട്ടും. പുതിയ അലോയി വീലുകൾ, രൂപമാറ്റം വരുത്തിയിട്ടുള്ള ടെയ്ൽഗേറ്റ്, മികച്ച ഡിസൈനിൽ നൽകുന്ന എൽ.ഇ.ഡി. ടെയ്ൽലാമ്പ് എന്നിവയാണ് പുറംമോടിയിലെ പുതുമകൾ.
മെക്കാനിക്കലായ മാറ്റം ട്രാൻസ്മിഷനിലാണ്. ബൊലേനോയുടെ ഓട്ടോമാറ്റിക് പതിപ്പിൽ നൽകിയിരുന്ന സി.വി.ടി. ട്രാൻസ്മിഷൻ ഈ വാഹനത്തിന്റെ മറ്റൊരു ആകർഷണമായിരുന്നു. പുതിയ പതിപ്പിൽ എ.എം.ടിയായിരിക്കും ഓട്ടോമാറ്റിക്കിൽ നൽകുകയെന്നാണ് വിവരം. എൻജിനിൽ മാറ്റം വരുത്തുന്നില്ലെന്നാണ് വിവരം. 83 ബി.എച്ച്.പി. പവർ ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ പെട്രോൾ, മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ അകമ്പടിയുള്ള 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എന്നിവയാണ് എൻജിൻ.