ന്യൂഡൽഹി: സുപ്രീംകോടതിയിൽ നിന്ന് ജാമ്യം ലഭിച്ച ന്യൂസ് ക്ലിക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്ത ജയിലിൽ നിന്നിറങ്ങി. ഏഴര മാസമായി തിഹാർ ജയിലിൽ കഴിയുകയായിരുന്ന പുർകായസ്തയുടെ യു.എ.പി.എ ചുമത്തിയുള്ള അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ജാമ്യം നൽകിയത്. റിമാന്‍ഡ് അപേക്ഷയുടെ പകര്‍പ്പ് നല്‍കാത്തത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് ജസ്റ്റിസ് ബി.ആര്‍. ഗവായി, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
2023 ഒക്ടോബർ മൂന്നിന് അറസ്റ്റുചെയ്ത് നാലിന് രാവിലെ ആറിന് റിമാന്‍ഡ് ഉത്തരവ് പുറപ്പെടുവിക്കുന്നതിനു മുമ്പ് പുർകായസ്തക്കോ അഭിഭാഷകനോ റിമാന്‍ഡ് അപേക്ഷയുടെ പകർപ്പ് നല്‍കിയില്ലെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടി. അറസ്റ്റ് ചെയ്യുമ്പോൾ കൃത്യമായ കാരണം രേഖാമൂലം എഴുതി നൽകണമെന്ന് പങ്കജ് ബൻസാൽ കേസിൽ സുപ്രീംകോടതി സിംഗിൾ ബെഞ്ച് വിധിയുണ്ട്. അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമാണെന്നാണ് മനസ്സിലാകുന്നതെന്നും റദ്ദാക്കുന്നുവെന്നും ഉത്തരവിൽ വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പങ്കജ് ബൻസാലിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിനുള്ള കാരണം രേഖാമൂലം എഴുതി നൽകണമെന്ന് സുപ്രീംകോടതി സിംഗിൾ ബെഞ്ച് കഴിഞ്ഞ ഒക്ടോബറിലാണ് വിധിച്ചത്. ഈ വിധി യു.എ.പി.എ കേസിലും ബാധകമാകുമോ എന്നാണ് പുർകായസ്ത കേസിൽ ജസ്റ്റിസ് ബി.ആര്‍. ഗവായി, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ച് പരിശോധിച്ചത്.
ഇന്ത്യ വിരുദ്ധ പ്രചാരണത്തിന് ചൈനീസ് ഫണ്ട് സീകരിക്കുന്നുവെന്ന ന്യൂയോർക് ടൈംസ് റിപ്പോർട്ട് വന്നതിനുപിന്നാലെ കഴിഞ്ഞ ഒക്ടോബർ മൂന്നിന് ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട 30 കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തുകയും പ്രബീർ പുർകായസ്ത, എച്ച്.ആർ. മേധാവി അമിത് ചക്രവർത്തി എന്നിവരെ യു.എ.പി.എ ചുമത്തി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ന്യൂസ്‌ക്ലിക് ഓഫിസ് പൂട്ടി മുദ്രവെച്ച പൊലീസ്, കമ്പ്യൂട്ടറുകളും ഫോണുകളും പിടിച്ചെടുത്തു. അറസ്റ്റും റിമാൻഡും വിചാരണക്കോടതിയും ഹൈകോടതിയും ശരിവെച്ചതോടെ ഇരുവരും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.