നാസിക്: കോൺഗ്രസ് ബജറ്റിന്റെ 15 ശതമാനവും മുസ്ലിംകൾക്കാണ് നൽകുന്നതെന്നും അധികാരത്തിലെത്തിയാൽ മറ്റു വിഭാഗക്കാർക്ക് അവകാശപ്പെട്ട ഫണ്ട് മുസ്ലിംകൾക്ക് നൽകുന്നത് തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കൻ മഹാരാഷ്ട്രയിലെ നാസിക്കിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് എപ്പോഴും മതത്തിന്റെ അടിസ്ഥാനത്തിലാണ് ബജറ്റുകൾ തയാറാക്കുന്നത്; വിഹിതം വിതരണം ചെയ്യുന്നതും അങ്ങനെതന്നെ. അത് അവരുടെ വിഭജന ചിന്താഗതിയാണ്. 15 ശതമാനം ന്യൂനപക്ഷങ്ങൾക്കാണ് അവർ നൽകുന്നത്. കോൺഗ്രസിന് ഒരു ന്യൂനപക്ഷമേയുള്ളൂ, അത് അവരുടെ പ്രിയപ്പെട്ട വോട്ടുബാങ്കാണ്.
ഈ ആശയത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ താൻ ശക്തമായി എതിർത്തിരുന്നു. തുടർന്ന് അവർക്ക് അത് നടപ്പിലാക്കാൻ കഴിഞ്ഞില്ല. എന്നാൽ, ഇപ്പോൾ അവർ പഴയ അജണ്ടകളെല്ലാം നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. എസ്.സി, എസ്.ടി, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗക്കാരുടെ സംവരണത്തിൽനിന്ന് മുസ്ലിംകൾക്ക് നൽകാൻ അനുവദിക്കില്ല -മോദി ആവർത്തിച്ചു.
മുൻ കേന്ദ്ര കൃഷിമന്ത്രിയായിരുന്ന മറാത്ത നേതാവ് കൃഷിക്കാർക്കായി ഒന്നും ചെയ്തില്ലെന്ന് ശരദ്പവാറിനെ പരാമർശിച്ച് മോദി പറഞ്ഞു. നാലാംഘട്ടം കഴിഞ്ഞതോടെ പ്രതിപക്ഷം പരാജയഭീതിയിലാണ്. പവാറും കൂട്ടരും അവരുടെ പാർട്ടികളെ കോൺഗ്രസിൽ ലയിപ്പിക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും മോദി പറഞ്ഞു. വ്യാജ ശിവസേനയും (ഉദ്ധവ് പക്ഷ ശിവസേന) വ്യാജ എൻ.സി.പിയും (ശരത്പവാർ പക്ഷ എൻ.സി.പി) കോൺഗ്രസിൽ ലയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സവർക്കറെ അധിക്ഷേപിക്കുന്ന കോൺഗ്രസിന് മുന്നിൽ വ്യാജ ശിവസേന തലകുമ്പിടുകയാണ്. എന്നാൽ, മഹാരാഷ്ട്രയിലെ ജനങ്ങൾ അവരെ ശിക്ഷിക്കാൻ തീരുമാനിച്ചു. ഇത് ആദ്യ നാല് ഘട്ട തെരഞ്ഞെടുപ്പുകളിൽ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി സർക്കാർ ഒരുലക്ഷം മെട്രിക് ടൺ ഉള്ളി സംഭരിച്ചു, ഇപ്പോൾ അഞ്ച് ലക്ഷം മെട്രിക് ടൺ കരുതൽ ശേഖരം സൃഷ്ടിക്കാൻ തീരുമാനിച്ചു. ഈ നയം ഉള്ളി കയറ്റുമതിയിൽ 35 ശതമാനം വർധനക്ക് കാരണമായെന്നും മോദി പറഞ്ഞു.
മോദിയുടെ പ്രസംഗം തടസ്സപ്പെടുത്തി കർഷകർ
നാസിക്: മഹാരാഷ്ട്രയിൽ എൻ.ഡി.എ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുന്നതിനിടെ പ്രധാന മന്ത്രി നരേന്ദ്ര മോദിയോട് സവാള കയറ്റുമതി നിരോധനവുമായി ബന്ധപ്പെട്ട് സംസാരിക്കാൻ ആവശ്യപ്പെട്ട് കർഷകർ. നാസിക്കിലെ പിമ്പൽഗാവിൽ ബുധനാഴ്ച നടന്ന റാലിയിലാണ് സംഭവം. പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചതോടെ ഏതാനും കർഷകർ എഴുന്നേറ്റുനിന്ന് സവാള കയറ്റുമതി നിരോധനത്തെക്കുറിച്ച് ആദ്യം സംസാരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ, ഉടൻതന്നെ പൊലീസ് ഇടപെട്ട് അവരെ ശാന്തരാക്കി. സവാള കയറ്റുമതി നിരോധനം പിൻവലിച്ചതായും കൂടുതൽ അനുകൂല നടപടികൾ ഉണ്ടാകുമെന്നും മോദി പ്രസംഗത്തിൽ പറഞ്ഞു. ഒമ്പത് മാസമായി തുടർന്ന സവാള കയറ്റുമതി നിരോധനം തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ മേയ് നാലിനാണ് കേന്ദ്രസർക്കാർ പിൻവലിച്ചത്. അതിനുമുമ്പ് കയറ്റുമതി തീരുവ 40 ശതമാനമാക്കിയതും കർഷക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മോദിയുടെ നാസിക് റാലി നടക്കുന്നതിന് മുമ്പ് ലാസൽഗാവിൽ കർഷകർ പ്രതിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട് 15 പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കർഷകരുടെ വാട്സ്ആപ് ഗ്രൂപ് അഡ്മിൻ അടക്കം 20 പേർക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.