പറവൂർ: കോഴിക്കോട് പന്തീരാങ്കാവിൽ ഭർതൃവീട്ടിൽ യുവതി ക്രൂരമർദനത്തിന് ഇരയായ സംഭവത്തിലെ പ്രതി രാഹുൽ ഒളിവിൽ പോയത് പൊലീസിന്റെ ഒത്താശയോടെയാണെന്നും ഇവർ കൂട്ടുനിന്നതുകൊണ്ടാവാം തുടക്കത്തിൽതന്നെ അറസ്റ്റ് ഒഴിവായതെന്നും വീട്ടുകാർ ആരോപിച്ചു. സംഭവത്തിൽ സർക്കാർ ഇടപെടലിൽ സന്തോഷമുണ്ടെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
കോഴിക്കോട് ഫറോക്ക് എ.സി.പി സജു കെ. എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ബുധനാഴ്ച വൈകീട്ടോടെ പെൺകുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു.
മനുഷ്യാവകാശ കമീഷനും വനിത കമീഷനും ഫോണിലൂടെയും വിവരങ്ങൾ ശേഖരിച്ചു. മൊബൈൽ ചാർജറിന്റെ കേബിൾ കഴുത്തിൽ കുരുക്കി രാഹുൽ കൊല്ലാൻ ശ്രമിച്ചെന്നും ക്രൂരമായി മർദിച്ചെന്നും അലറിവിളിച്ച് കരഞ്ഞിട്ടും വീട്ടിലുള്ള രാഹുലിന്റെ അമ്മയും സഹോദരിയും കൂട്ടുകാരനും അറിഞ്ഞിട്ടും സഹായിക്കാനെത്തിയില്ലെന്നും യുവതി ഉദ്യോഗസ്ഥരെ അറിയിച്ചു.
തന്റെ മകളെ ബലംപ്രയോഗിച്ച് മദ്യപിപ്പിക്കാനും സിഗരറ്റ് വലിപ്പിക്കാനും ശ്രമിച്ച രാഹുൽ, അതിന്റെ ഫോട്ടോയെടുത്തിട്ടുണ്ടെന്നും വീട്ടിൽ സ്ത്രീധനം സംബന്ധിച്ച് തർക്കമുണ്ടായിട്ടില്ലെന്ന രാഹുലിന്റെ അമ്മയുടെ വാദം കള്ളമാണെന്നും യുവതിയുടെ പിതാവ് പറഞ്ഞു. രാഹുലിനേക്കാൾ ക്രൂരയാണ് ഇയാളുടെ അമ്മയെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.
ആഭരണത്തിന്റെ കാര്യത്തിൽ അമ്മയുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായ ശേഷമാണ് യുവതിക്കുനേരെ രാഹുലിന്റെ മർദനമുണ്ടായത്. അമ്മയും രാഹുലും ഏറെനേരം മുറി അടച്ചിരുന്ന് നടത്തിയത് ഗൂഢാലോചനയാണ്. സംഭവത്തിൽ രാഹുലിന്റെ അമ്മയുടെയും സഹോദരിയുടെയും പങ്ക് അന്വേഷിക്കണം.
രാഹുലിന്റെ പശ്ചാത്തലം അന്വേഷിക്കണമെന്നും യുവതിയുടെ സൗകര്യം പരിഗണിച്ച് കേസിന്റെ തുടർ നടപടികൾ പറവൂരിലേക്ക് മാറ്റണമെന്നും യുവതിയുടെ പിതാവ് ആവശ്യപ്പെട്ടു.