കാസർകോട്: കാറടുക്ക അഗ്രികൾച്ചറിസ്റ്റ് സഹകരണ സംഘം തട്ടിപ്പ് കേസിൽ പ്രതിയും സംഘം സെക്രട്ടറിയുമായ സി.പി.എം മുളിയാർ ലോക്കൽ കമ്മിറ്റി അംഗം കെ. രതീശനെതിനെതിരെ മോഷണ കുറ്റത്തിന് കേസെടുക്കാത്തതിൽ ദുരൂഹത.
രതീശന്റെ കുറ്റകൃത്യത്തിന് പാർട്ടിയും പൊലിസും സഹായം നൽകിയെന്ന വാദത്തെ ഈ ദുരൂഹത ശക്തിപ്പെടുത്തുന്നു. അമ്പതോളംപേരുടെ സ്വർണമാണ് കളവുപോയത്. മേയ് ഒമ്പതിന് രതീശൻ ബാങ്കിൽ കയറി 1.9കോടി രുപയുടെ സ്വർണം ബാഗിലിട്ട് കൊണ്ടുപോകുകയായിരുന്നു.
ജനുവരി 31മുതലാണ് തട്ടിപ്പ് നടന്നത് എന്ന് പ്രസിഡന്റ് സൂപ്പി നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് മേയ് രണ്ടിന് അവധിയിൽ പോകാൻ രതീശനോട് ആവശ്യപ്പെട്ടു. അവധിയിലിരിക്കെ ഒമ്പതിന് ബാങ്കിലെത്തി ലോക്കർ തുറന്ന് സ്വർണം കൊണ്ടുപോയത് നഗ്നമായ മോഷണം എന്ന് പ്രസിഡന്റ് സൂപ്പിക്കും പരാതി ലഭിച്ച പൊലിസിനും അറിയാമായിരുന്നിട്ടും കേസെടുക്കാതിരിക്കാൻ പൊലിസിന് നിർദേശം ലഭിച്ചു. ഈ നിർദേശം നൽകിയതാര് എന്നാണ് വെളിപ്പെടാനുള്ളത്. പ്രസിഡന്റ് സൂപ്പിയുടെ പരാതിയിൽ വഞ്ചനക്ക് കേസെടുക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.
സ്വർണം തിരിച്ചുപിടിക്കണമെങ്കിൽ മോഷണക്കേസ് ചുമത്തണം. വഞ്ചന കേസിൽ പ്രതിക്ക് തടവ് മാത്രമാണ് ലഭിക്കുക.
സ്വർണം തിരിച്ച് പിടിക്കാനുള്ള വകുപ്പ് ചേർത്ത് കേസെടുക്കാൻ പാർട്ടി നേതൃത്വത്തിന്റെ അറിവോടെ നൽകിയ പരാതിയിലുമില്ല. പ്രാഥമിക അന്വേഷണം നടത്തിയ പൊലിസ് എടുത്ത കേസിലുമില്ല.
ചുരുക്കത്തിൽ സ്വർണം നഷ്ടമായതാണ്. ബന്ധുക്കളും സുഹൃത്തുക്കളുമായ 30ഓളം പേരിൽ ഈടു വെക്കാതെ 1.69 കോടി രൂപയുടെ സ്വർണ പണയ വായ്പയെടുക്കുകയും 1.2കോടി രൂപയുടെ സ്വർണം ഇടപാടുകാരറിയാതെ എടുത്തുകൊണ്ടുപോകുകയാണുണ്ടായത്. 1.69 കോടി രൂപയുടെ വഞ്ചന കേസും 1.12കോടി രുപയുടെ മോഷണക്കേസും 1.09 കോടി രൂപയുടെ വായ്പ തിരിമറി കേസും വരുന്ന കുറ്റകൃത്യമാണ് രതീശൻ ചെയ്തിരിക്കുന്നത്.
സംഘത്തിലെ ഉയർന്ന പാർട്ടിക്കാരൻ പ്രതി തന്നെ
ബോവിക്കാനം: തട്ടിപ്പ് നടന്ന കാറടുക്ക അഗ്രികൾചറിസ്റ്റ് സംഘത്തിലെ ഉയർന്ന പദവിയിലെ പാർട്ടിക്കാരൻ പ്രതിയും സെക്രട്ടറിയുമായിരുന്ന കെ. രതീശൻ തന്നെ. മറ്റുള്ളവർ പാർട്ടി അംഗങ്ങൾ മാത്രമാണ്. അതുകൊണ്ട് പ്രസിഡന്റ് സൂപ്പിയെയും നിയന്ത്രിച്ചത് രതീശൻ തന്നെ.
അവധിയിലിരിക്കെ ബാങ്ക് ലോക്കർ തുറന്ന് സ്വർണം എടുത്തുകൊണ്ടുപോകുന്ന വിവരം പ്രസിഡന്റും ചില ജീവനക്കാരും അറിഞ്ഞിട്ടുണ്ട് എന്നാണ് പൊലിസിന് ലഭിച്ച വിവരം. രതീശനെ ചോദ്യം ചെയ്താലേ രതിശനൊപ്പം ആരൊക്കെയാണ് മോഷണത്തിനും തട്ടിപ്പിനും കൂടനിന്നത് എന്ന് വ്യക്തമാകുകയുള്ളൂ.
പ്രസിഡന്റ് സൂപ്പിയുൾപ്പട്ട മൂന്നംഗ സമിതി കഴിഞ്ഞ ജനുവരിയിൽ നൽകിയ റിപ്പോട്ടിൽ പണയത്തിന് ആനുപാതികമായ സ്വർണം ലോക്കറിലുണ്ട് എന്നാണ് റിപ്പോർട്ട് നൽകിയത്. ഇതേ പ്രസിഡന്റ് സൂപ്പി നൽകിയ പരാതിയിൽ ജനുവരിമുതൽ തട്ടിപ്പ് തുടങ്ങിയെന്ന പറയുന്നു.
ഇത് പ്രസിഡന്റ് സൂപ്പിയുടെ അറിവോടെയാണ് രതീശന്റെ ഇടപാടുകൾ എന്നാണ് വ്യക്തമാകുന്നത്. സതീശൻ പണം നിക്ഷേപിച്ചത് റിയൽ എസ്റ്റേറ്റിലാണ് എന്ന് പറയുന്നുണ്ട്. ഇത് സംരഭക ഗ്രൂപ്പിലാണെങ്കിൽ കാര്യങ്ങൾ ഗുരുതര നിലയിലേക്കായിരിക്കും പോകുക. അഞ്ച് കോടിയുടെ സ്വത്ത് സ്വന്തം കൈവശം തന്നെയെങ്കിൽ തിരിച്ച് കിട്ടാൻ സാധ്യത തെളിയും. രതീശൻ ഒളിൽ പോയാതാണോ പറഞ്ഞയച്ചതാണോ എന്ന സംശയവും ബാക്കിയുണ്ട്.