ദോഹ: നാലാമത് ഖത്തർ സാമ്പത്തിക ഫോറത്തിന് ദോഹയിൽ തുടക്കമായി. ഖത്തർ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് അല്‍ഥാനിയുമായി ഖത്തർ സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാനെത്തിയ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി കൂടിക്കാഴ്ച നടത്തി.ചൊവ്വാഴ്ച ആരംഭിച്ച മൂന്നു ദിവസത്തെ സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി ഉന്നതതല പ്രതിനിധികൾക്കായി ഒരുക്കിയ സ്വീകരണത്തിൽ വെച്ചാണ് അമീറുമായി യൂസഫലി കൂടിക്കാഴ്ച നടത്തിയത്. ഖത്തറിലെ ഇന്ത്യൻ സ്ഥാനപതിയുമായും സാമ്പത്തിക ഫോറം വേദിയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ഖത്തറും തമ്മിലുള്ള വാണിജ്യ മേഖലയിലെ സഹകരണത്തിന് ലുലു ഗ്രൂപ്പ് നൽകുന്ന സംഭാവനകളെ അംബാസഡർ വിപുൽ സമൂഹമാധ്യമമായ എക്സിൽ ശ്ലാഘിച്ചു. ലുലു ഗ്രൂപ്പ് ഖത്തർ, യുഎസ്, യൂറോപ്പ് ഡയറക്ടർ മുഹമ്മദ് അൽത്താഫും സംബന്ധിച്ചു.