ചിറ്റാർ: കിഴക്കൻ മലയോര ഗ്രാമമായ ചിറ്റാറിലെ കിരീടം വെക്കാത്ത നാട്ടുരാജാക്കന്മാരുടെ ശിങ്കിടികളായി ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥര്‍. പോലീസ് വര്‍ഷങ്ങളായി നിസ്സംഗത പാലിക്കുകയാണ്. സമദൂര സിദ്ധാന്തം എന്നുവേണമെങ്കില്‍ പറയാം. ചിറ്റാര്‍ എന്ന പ്രകൃതിസുന്ദരമായ ഗ്രാമത്തിലെ കുന്നും മലകളും ഒക്കെ അപ്രത്യക്ഷമാകുകയാണ്. പാറയുമായി ടിപ്പര്‍ ലോറികള്‍ വരുന്നവഴിയും സമയവും മുന്‍കൂട്ടി അറിയിക്കുന്നതിനാല്‍ പോലീസ് ആ ഭാഗത്തുനിന്നും ഒഴിഞ്ഞുനില്‍ക്കും. ദിവസേന ഇരുപതിനായിരത്തിലധികം അടി കല്ലാണ് ഇവിടെനിന്നും വലിയ ടോറസ് ലോറികളില്‍ കൊണ്ടുപോകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ചിറ്റാറിന്റെ വിവിധ പ്രദേശങ്ങളില്‍ പാറ ഖനനം നിര്‍ബാധം നടക്കുകയാണ്, ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തന്നെ. അതീവ പരിസ്ഥിതിലോല പ്രദേശമായ നദീ തീരത്തുവരെ ഖനനം എത്തിയിട്ടും സാറന്മാര്‍ കുംഭകര്‍ണ്ണനെപ്പോലെ അല്ലെങ്കില്‍ പാറമട ലോബി നല്‍കിയ സ്കോച്ചടിച്ച് ഉറങ്ങുകയാണ്. ബച്ചൻ കോപ്പറേഷന്റെ അള്ള്ങ്കൽ ഡാമും പവർ സ്റ്റേഷനും ഏകദേശം 200 മീറ്റര്‍ പരിധിക്കുള്ളില്‍ ഉണ്ടെങ്കിലും ഇതൊന്നും ഈ വ്യാവസായിക ഖനനത്തെ ബാധിച്ചിട്ടില്ല. അതെ… സര്‍ക്കാര്‍ കൂടെയുണ്ട്.
പീടികയിൽ ഗ്രൂപ്പ് ആണ് ഖനനത്തിന് മുന്നില്‍ നില്‍ക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇവര്‍ക്കെതിരെ പലരും പരാതികള്‍ നല്‍കിയിരുന്നുവെങ്കിലും അതൊക്കെ നനഞ്ഞുപോയി. ഓരോ പരാതി പോകുമ്പോഴും ഖനനത്തിന്റെ വ്യാപ്തി വാശിയോടെ കൂട്ടിക്കൊണ്ടിരിക്കുകയാണ് ഇവര്‍. ചിറ്റാറിലെ ഒട്ടുമിക്ക പ്രദേശത്തും പീടികയിൽ ഗ്രൂപ്പിന്റെ പാറ ഖനനം വന്‍ തോതില്‍ നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാരുടെ പരാതികൾ നിശബ്ദമാക്കുവാന്‍ പ്രാദേശിക നേതാക്കളുടെ ഒരു വന്‍ പടതന്നെയുണ്ട്. പോലീസ് – റവന്യു – വനം – ജിയോളജി വകുപ്പുകളിൽ നല്ല ബന്ധം ഉള്ളതിനാൽ നാലുപാടും മറപിടിക്കാന്‍ വേറാരും വേണ്ട. പരാതിക്കാർ ഉണ്ടായാൽ അനുനയിപ്പിക്കാൻ ശ്രമിക്കും. നടന്നില്ലെങ്കില്‍ ഭീഷണിയുമുണ്ടാകും. പരാതി ആരെങ്കിലും കൊടുത്താല്‍ പരാതിക്കാരനെ സംബന്ധിച്ച എല്ലാ വിവരങ്ങളും സാറന്മാര്‍ കൊടുക്കേണ്ടവര്‍ക്ക് ശരവേഗത്തില്‍ കൊടുക്കുകയും ചെയ്യും. ഇതിന് ചെമന്ന ലൈറ്റ് മിന്നുന്ന സര്‍ക്കാര്‍ വണ്ടി കൂടെയുണ്ടാകും.
പീടികയിൽ ജയിംസ് എന്നയാള്‍ രാത്രിയും പകലും അനധികൃതമായി പാറ പൊട്ടിക്കുകയാണെന്നും ഇത് മൂലം തന്റെ വീടിന് നാശനഷ്ടങ്ങൾ ഉണ്ടാകുന്നുവെന്നും കാണിച്ചുകൊണ്ട് സമീപവാസി പത്തനംതിട്ട മൈനിംഗ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ക്ക് പരാതി നല്‍കിയത് മേയ് മാസം 7 നാണ്. ജിയോളജി വകുപ്പില്‍ രഹസ്യമായി നൽകിയ പരാതി ചോർത്തി പീടികയില്‍ ഗ്രൂപ്പിന് ജിയോളജി വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ നല്‍കി, പിന്നീട് പ്രഹസനമായി മേയ് 13 ന് മൂന്നുമണിയോടെ സാറന്മാര്‍ പരിശോധനക്കെത്തി. ഇതോടെ പാറമടയിലേക്കുള്ള ഗേറ്റ് പൂട്ടി ഉദ്യോഗസ്ഥരെ പുറത്തു നിര്‍ത്തി. ഏറെ കാത്തു നിന്നതിനു ശേഷം ഇവര്‍ തിരികെ പോയി. പിറ്റേ ദിവസം വീണ്ടും ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ പാറ പൊട്ടിച്ചതിന്റെ ഒരു ലക്ഷണവും അവിടെ ഉണ്ടായിരുന്നില്ല. ഒറ്റ രാത്രികൊണ്ട് എല്ലാം മണ്ണിട്ടുമൂടി കൃഷി സ്ഥലമാക്കി. പരാതി നല്‍കിയതിനെത്തുടര്‍ന്ന് തനിക്ക് തുടര്‍ച്ചയായി വധഭീഷണി ഉണ്ടായെന്ന് പരാതിക്കാരന്‍ പറയുന്നു. ഇത് സംബന്ധിച്ച പരാതി മേയ് 14 നു ഉന്നത പോലീസ് അധികാരികള്‍ക്ക് നല്‍കി കാത്തിരിക്കുകയാണ് ഇദ്ദേഹം.