ആലപ്പുഴ : ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പുന്നപ്ര സ്വദേശി ഉമൈബയുടെ മരണം ചികിൽസാപ്പിഴവെന്ന പരാതിയില്‍ ഡി.എം.ഇ നിയോഗിച്ച അന്വേഷണസംഘം നാളെ മെഡിക്കല്‍ കോളജിലെത്തും. കാർഡിയോളജി വിഭാഗം മേധാവി ഡോ. വിനയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പുന്നപ്ര സ്വദേശി ഉമൈബയുടെ മരണം ചികില്സാപ്പിഴവുമൂലമെന്നാണ് പരാതി. പക്ഷാഘാതം വന്നതിനെതുടർന്ന് 24 ദിവസത്തിന് മുൻപ് ഉമൈബ ചികിൽസ തേടിയിരുന്നു. ചികിൽസയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങിയെങ്കിലും പനിബാധിച്ചു വീണ്ടും ആശുപത്രിയിലെത്തി. 24 ദിവസത്തിനിടെ മൂന്നു തവണ കിടത്തി ചികിൽസയ്ക്കു വിധേയയായി. പനി ഗുരുതരമായതിനെ തുടർന്ന് ചൊവ്വാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മതിയായ ചികിൽസ ലഭിച്ചില്ലെന്നാരോപിച്ചായിരുന്നു മകനും ബന്ധുക്കളും ഉമ്മയുടെ മൃതദേഹവുമായി അർധരാത്രിയോടെ ആശുപത്രിയിലെത്തി പ്രതിഷേധിച്ചത്.