ഡൽഹി : മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ പോലീസിൽ പരാതി നൽകി പാർട്ടിയുടെ രാജ്യസഭ എംപി സ്വാതി മാലിവാൾ. കഴിഞ്ഞ തിങ്കളാഴ്ച കേജ്രിവാളിന്റെ വീട്ടിൽവച്ച് ബൈഭവ് ആക്രമിച്ചുവെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. നേരത്തെ ഡൽഹി പോലീസ് നാലുമണിക്കൂർ നേരം സ്വാതിയുടെ മൊഴിയെടുത്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്യും. നിലവിൽ കേജ്രിവാളിനൊപ്പം പഞ്ചാബിലാണ് ബൈഭവ് ഉള്ളത്. പരാതി നൽകിയ സ്വാതിയെ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ അഭിനന്ദിച്ചു. നാളെ ബൈഭവ് നേരിട്ട് ഹാജരാകണമെന്ന് വനിതാ കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം വിഷയം രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് സ്വാതി ആവശ്യപ്പെട്ടു.