ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയിൽ 12,678 വളര്‍ത്തുപക്ഷികളെ ശനിയാഴ്ച കള്ളിംഗിന് വിധേയമാക്കും. തലവടി, തഴക്കര, ചമ്പക്കുളം വാർഡുകളിലാണ് വളർത്തു പക്ഷികളെ കൊന്നൊടുക്കുന്നത്. പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളർത്തുപക്ഷികളെയാണ് കൊല്ലുന്നത്. കള്ളിംഗ് ചെയ്യുന്നത്. ഇതനുസരിച്ച് തലവടിയിൽ 4074ഉം തഴക്കരയിൽ 8304ളും ചമ്പക്കുളത്ത് 300ളും പക്ഷികളെ കൊല്ലും.
പത്തനംതിട്ട തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലും നേരത്തെ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞാഴ്ച ഇവിടെ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. ഇതിന് പിന്നാലെ നിരണത്ത് വീണ്ടും കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ചു. പഞ്ചായത്തിലെ 11-ാം വാർഡിൽ ഉൾപ്പെട്ട ഇരതോട് പ്രദേശത്താണ് കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവ് കർഷകനായ കണ്ണമാലിൽ കുര്യൻ മത്തായിയുടെ താറാവുകൾ പക്ഷിപ്പനി ലക്ഷണങ്ങളോടെ നാല് ദിവസം മുമ്പ് ചത്തിരുന്നു. തുടർന്ന് രക്ത സാമ്പിളുകൾ ഭോപാലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇതിന്റെ ഫലം കഴിഞ്ഞ ദിവസം വന്നപ്പോഴാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.