‘കാലാവസ്ഥാ വ്യതിയാനത്തിനെതിരെ കാട്ടുപോത്ത്?’ എന്നൊരു തലക്കെട്ട് കണ്ടാല്‍ നെറ്റിചുളിക്കാതെ നമ്മുക്ക് വായിക്കാന്‍ പറ്റില്ല. എന്നാല്‍, സംഗതി കാര്യമാണെന്നാണ് യേൽ സ്കൂൾ ഓഫ് എൻവയോൺമെന്‍റിലെ ഗവേഷകരുടെ അഭിപ്രായം. ഏങ്ങനെയാണെന്നല്ലേ കേട്ടോളൂ. റൊമാനിയയിലെ കാട്ടുപോത്തുകളെ കുറിച്ച് പഠിച്ച ഗവേഷകരാണ് ഇങ്ങനെയൊരു ആശയം മുന്നോട്ട് വയ്ക്കുന്നത്. 170 കാട്ടുപോത്തുകളുടെ ഒരു കൂട്ടം ഒരു വർഷം മുഴുവൻ രണ്ട് ദശലക്ഷം കാറുകൾ റോഡിലേക്ക് പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡ് (CO2) നീക്കാന്‍ പര്യാപ്തമാണെന്നാണ് പഠനം അവകാശപ്പെടുന്നത്. അതിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ കാട്ടുപോത്തുകള്‍ക്ക് കഴിയുമെന്നും ഗവേഷകര്‍ പറയുന്നു.
ഭൂമിയുടെ ജൈവിക നിലനില്‍പ്പിന് വന്യജീവി സംരക്ഷണം ഏറെ പ്രധാനമാണെന്ന് ഇന്ന് നമ്മുക്കറിയാം. നിരവധി പഠനങ്ങള്‍ ഈ മേഖലയില്‍ നടന്നിട്ടുണ്ട്. പ്രത്യേകിച്ച വനങ്ങളും കടല്‍ സസ്യങ്ങളും കാര്‍ബണ്‍ ആഗിരണം ചെയ്യുന്നതിനെ കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഇത് പോലെ തന്നെ മൃഗങ്ങളിലും ഈ പ്രത്യേകതയുണ്ടെന്നാണ് പുതിയ പഠനം അവകാശപ്പെടുന്നത്. ‘പുൽമേടുകളിലൂടെ തുല്യമായി മേയുക, ഇതിലൂടെ പോഷകാംശം വര്‍ദ്ധിപ്പിച്ച് മണ്ണിനെ ഫലഭൂയിഷ്ഠമാക്കി മറ്റ് ജീവജാലങ്ങളുടെ നിലനില്‍പ്പിനെ സഹായിക്കുക. ഇതോടൊപ്പം വിത്ത് വിതരണത്തെ സഹായിക്കുക. ഒപ്പം, വിവിധ മാര്‍ഗ്ഗങ്ങളിലൂടെ മണ്ണില്‍ സംഭരിച്ച കാര്‍ബണ്‍ പുറത്ത് വിടാത്തിരിക്കാന്‍ മണ്ണിനെ സഹായിക്കുക. ഇത്തരം പ്രവര്‍ത്തിയിലൂടെ വനത്തെയും അതിന്‍റെ ആവാസവ്യവസ്ഥയെയും നിരന്തരം പുതുക്കുകയും അതിനെ സ്വാധീനിക്കുകയും ചെയ്യുന്നു.’ പഠനത്തിന്‍റെ സഹരചയിതാവായ പ്രൊഫസര്‍ ഓസ്വാൾഡ് ഷ്മിറ്റ്സ് പറയുന്നു.
ലക്ഷക്കണക്കിന് വര്‍ഷങ്ങളായി യൂറോപ്യൻ കാട്ടുപോത്തുകൾ പുല്‍മേടുകളിലൂടെയും വനാന്തരങ്ങളിലൂടെയും ആവാസവ്യവസ്ഥകളെ പുര്‍നിര്‍മ്മിച്ചാണ് ജീവിക്കുന്നത്. ഇത്തരത്തില്‍ ഓരോ തവണയും കാടിന്‍റെ ആവാസവ്യവസ്ഥയെ പുനസ്ഥാപിക്കുന്നതിലൂടെ പ്രദേശത്തിന്‍റെ സന്തുലിതാവസ്ഥ പുനസ്ഥാപിക്കുന്നതില്‍ കാട്ടുപോത്തുകള്‍ വലിയ സംഭാവനകള്‍ നല്‍കി. അതായത്, കാട്ടുപോത്തുകളും കാലാവസ്ഥാ വ്യതിയാനത്തെ തടയുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നെന്നും പ്രൊഫസർ ഷ്മിറ്റ്സ് അവകാശപ്പെട്ടു.
ഏതാണ്ട് 200 വർഷങ്ങൾക്ക് മുമ്പ് റൊമാനിയയിൽ നിന്ന് യൂറോപ്യൻ കാട്ടുപോത്തിന്‍റെ വംശനാശം സംഭവിച്ചിരുന്നു. ഒടുവില്‍, 2014 -ൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ റീവിൽഡിംഗ് യൂറോപ്പും വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറും (ഡബ്ല്യുഡബ്ല്യുഎഫ്) റൊമാനിയന്‍ സര്‍ക്കാറിന്‍റെ സഹായത്തോടെ തെക്കൻ കാർപാത്തിയനിലെ ഉയർന്ന പ്രദേശങ്ങളിലേക്ക് കാട്ടുപോത്തുകളെ തിരികെ കൊണ്ട് വരികയായിരുന്നു. ഇന്ന് 170 ഓളം കാട്ടുപോത്തുകള്‍ ഈ പ്രദേശത്തുണ്ട്. ഇത് യൂറോപ്പിലെ ഏറ്റവും വലിയ ഫ്രീ-റോമിംഗ് ജനസംഖ്യകളിലൊന്നാണെന്ന് കണക്കുകള്‍ പറയുന്നു. അതോടൊപ്പം ഈ പ്രദേശത്ത് 350 മുതൽ 450 വരെ കാട്ടുപോത്തുകള്‍ക്ക് സ്വൈര്യവിഹാരത്തിനുള്ള സ്ഥലമുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.