കണ്ണൂർ: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ കഴിഞ്ഞയാഴ്ച നടത്തിയ സമരത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് കോടികളുടെ നഷ്ടം. കണ്ണൂരിൽനിന്നുള്ള വിദേശ സർവിസുകളിൽ ബഹുഭൂരിപക്ഷവും എയർ ഇന്ത്യ എക്സ്പ്രസ് ആണെന്നതാണ് നഷ്ടക്കണക്ക് കൂട്ടുന്നത്.
വിദേശത്തേക്കുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. വിദേശവിമാന കമ്പനികൾ സർവിസ് നടത്താത്ത വിമാനത്താവളമെന്ന നിലക്ക് എയർ ഇന്ത്യ എക്സ്പ്രസ് കാബിൻ ക്രൂ ജീവനക്കാരുടെ സമരം സംസ്ഥാനത്ത് ഏറ്റവും ബാധിച്ചതും കണ്ണൂരിനെ. ഇരുഭാഗത്തേക്കുമായി രണ്ടുഡസനോളം വിമാന സർവിസുകളാണ് കണ്ണൂരിൽ സമരാനാളുകളിൽ മുടങ്ങിയത്.
യാത്രക്കാർക്കുണ്ടായ പ്രയാസവും കൃത്യസമയത്ത് വിദേശത്ത് ജോലിയിൽ പ്രവേശിക്കാൻ കഴിയാത്തതിലുണ്ടായ നഷ്ടത്തിനും പുറമെയാണ് വരുമാന ഇനത്തിൽ കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡി (കിയാൽ) നുണ്ടായ നഷ്ടം. ഗോ ഫസ്റ്റ് വിമാന സർവിസ് നിലച്ചതിനുശേഷം കണ്ണൂർ വിമാനത്താവളത്തിന്റെ വരുമാനത്തിൽ വലിയ കുറവുണ്ടായതിനു പിന്നാലെയാണിത്. കണ്ണൂരിൽനിന്ന് ഇൻഡിഗോ അബൂദബിയിലേക്ക് നടത്തുന്ന സർവിസ് ഒഴിച്ചാൽ ബാക്കി മുഴുവൻ വിദേശ സർവിസ് നടത്തുന്നതും എയർഇന്ത്യ എക്സ്പ്രസാണ്.
ഒരുവിമാനം ലാൻഡ് ചെയ്യുന്ന ഇനത്തിൽ അരലക്ഷത്തോളം രൂപയാണ് വിമാനത്താവള അതോറിറ്റിക്ക് ലഭിക്കുക. യൂസർ ഡെവലപ്മെന്റ് ഫീസ് ഇനത്തിൽ യാത്രക്കാരനിൽനിന്ന് കിട്ടുന്ന നികുതിയിനത്തിലാണ് വലിയ നഷ്ടം. വിദേശത്തേക്കുള്ള യാത്രക്കാരനിൽനിന്ന് ടിക്കറ്റിലൂടെ 1020 രൂപയാണ് വിമാനത്താവളത്തിന് ലഭിക്കുന്നത്. വിമാനപാർക്കിങ്, മറ്റ് അനുബന്ധ ഫീസ് തുടങ്ങി ഇനങ്ങളിലായി ലക്ഷങ്ങളുടെ നഷ്ടമാണ് യാത്രാമുടക്കം വഴിയുണ്ടായത്. ടാക്സി, ഫുഡ് കോർട്ട് തുടങ്ങിയ അനുബന്ധ മേഖലകളുടെ നഷ്ടം ഇതിനു പുറമെയാണ്.
ചരക്കുനീക്കം പേരിനുമാത്രം
സമരനാളുകളിൽ പേരുനുമാത്രമാണ് ചരക്കുനീക്കമുണ്ടായത്. പ്രധാനമായും ഗൾഫ് രാജ്യങ്ങളിലേക്കുള്ള ചരക്കുനീക്കമാണ് സമരം വഴി നിലച്ചത്. ചരക്കുവിമാനമില്ലാത്തതിനാൽ യാത്രാവിമാനങ്ങളിലാണ് കണ്ണൂരിൽനിന്ന് ചരക്ക് കയറ്റുമതി. ദിനംപ്രതി 15 ടൺ ഉൽപന്നങ്ങളാണ് യു.എ.ഇ, ബഹ്റൈൻ, ഒമാൻ, ജിദ്ദ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. സമര നാളുകളിൽ ദിനംപ്രതി 10-12 ടൺ വരെ കയറ്റുമതി നിലച്ചു. ഇൻഡിഗോയിൽ ഒന്നോ രണ്ടോ ടൺ ചരക്കാണ് ആകെ കയറ്റിയയച്ചത്. സമരമവസാനിക്കുമ്പോൾ 50 ടണ്ണോളം കയറ്റുമതി മുടങ്ങി. ഇതുവഴി ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്. കാർഗോ കോംപ്ലക്സ് ഹർത്താലിന്റെ പ്രതീതിയായി. ഈ മേഖലയിൽ ജോലി ചെയ്യുന്ന അനവധി പേർക്ക് ജോലിയും മുടങ്ങി. പാലക്കാട്, തേനി എന്നിവിടങ്ങളിൽൃ നിന്നുള്ള പഴം, പച്ചക്കറികളും കണ്ണൂരിന്റെ തനതായ കൈത്തറി, ഖാദി, കരകൗശല ഉൽപന്നങ്ങൾ, വെങ്കല ശിൽപങ്ങൾ, മൺപാത്രങ്ങൾ തുടങ്ങിയവയുമാണ് കണ്ണൂർ വിമാനത്താവളത്തിൽനിന്ന് പ്രധാനമായും കയറ്റിയയക്കുന്നത്.