ന്യൂഡൽഹി: രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനായി ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്ന ആഹ്വാനവുമായി ഡൽഹിയിൽ സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. ഡൽഹിയിൽ മത്സരിക്കുന്നില്ലെങ്കിലും ‘ഇൻഡ്യ’ സഖ്യത്തിലുള്ള കോൺഗ്രസിനും ആം ആദ്മി പാർട്ടിക്കും വേണ്ടിയാണ് സി.പി.എം രംഗത്തിറങ്ങിയത്. വെള്ളിയാഴ്ച സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ നേതൃത്വത്തിലാണ് സി.പി.എം നേതാക്കളും പ്രവർത്തകരും പാർട്ടി പതാകയുമേന്തി ഇൻഡ്യ മുന്നണിക്ക് വേണ്ടി കാമ്പയിൻ നടത്തിയത്. ഡൽഹിയിലെ ഇൻഡ്യ സഖ്യത്തിന്റെ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യണമെന്നും ബി.ജെ.പിയുടെ പരാജയം ഉറപ്പാക്കണമെന്നും ബേബി അഭ്യർഥിച്ചു.
ന്യൂഡൽഹി മണ്ഡലത്തിലെ ആപ് സ്ഥാനാർഥി സോംനാഥ് ഭാരതിക്കുവേണ്ടിയാണ് ബേബിയുടെ നേതൃത്വത്തിലുള്ള കുഞ്ഞുസംഘം പ്രചാരണം നടത്തിയത്. തെറ്റായ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് ഡൽഹി പൊലീസ് പ്രചാരണം തടസ്സപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ പൊലീസിന്റെ സമ്മർദം വകവെക്കാതെ സി.പി.എം പ്രചാരണം തുടർന്നു. ജനങ്ങളുടെ ഭാഗത്ത് നിന്ന് നല്ല പ്രതികരണമായിരുന്നുവെന്ന് നേതാക്കൾ പ്രതികരിച്ചു. പാർട്ടി കേന്ദ്രകമ്മിറ്റി അംഗങ്ങളായ രാജേന്ദ്ര ശർമ, അരുൺ കുമാർ എന്നിവരും പ്രചാരണത്തിൽ പങ്കെടുത്തു.
ഇടക്ക് പൊലീസ് തടഞ്ഞപ്പോൾ എല്ലാ വീടുകളിലും ബി.ജെ.പിയെ അകറ്റണമെന്നാവശ്യപ്പെടുന്ന നോട്ടീസും വിതരണംചെയ്തു. മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകൾ ബാൻസുരി സ്വരാജാണ് ന്യൂഡൽഹി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി. കഴിഞ്ഞതവണ ബി.ജെ.പിയുടെ മീനാക്ഷി ലേഖി രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് കോൺഗ്രസിന്റെ അജയ് മാക്കനെ തോൽപിച്ച മണ്ഡലമാണിത്. ആ തെരഞ്ഞെടുപ്പിൽ ആപ്പിന് 1.5 ലക്ഷം (16 ശതമാനം) വോട്ടാണ് ലഭിച്ചത്. കോൺഗ്രസിന് 26 ശതമാനവും. ഇക്കുറി ഇരു പാർട്ടികളും ഒന്നിച്ച് മത്സരിക്കുമ്പോൾ ബി.ജെ.പിയെ മറികടക്കാനാകുമെന്നാണ് ഇൻഡ്യ സഖ്യം പ്രതീക്ഷിക്കുന്നത്.