ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ആം ആദ്മി പാർട്ടിയെയും പ്രതിചേർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പുതിയ കുറ്റപത്രം സമർപ്പിച്ചു. ആദ്യമായാണ് അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രിയും രാഷ്ട്രീയ പാർട്ടിയും കള്ളപ്പണം വെളുപ്പിക്കൽ കുറ്റം നേരിടുന്നത്. അനുബന്ധത്തിന് പുറമേ 200 പേജുള്ള കുറ്റപത്രം പ്രത്യേക കോടതിയിലാണ് ഇ.ഡി സമർപ്പിച്ചത്.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ മാർച്ച് 21ന് അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയാണ് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ഇതുവരെ 18 പേരെ അറസ്റ്റ് ചെയ്ത കേസിൽ സമർപ്പിക്കുന്ന എട്ടാമത്തെ കുറ്റപത്രമാണ് ഇത്. കഴിഞ്ഞ ആഴ്ച മുൻ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിെന്റ മകൾ കെ. കവിതക്കെതിരെയും ഇ.ഡി കുറ്റപത്രം സമർപ്പിച്ചിരുന്നു.
മദ്യനയ അഴിമതിയിലെ മുഖ്യ സുത്രധാരൻ കെജ്രിവാളാണെന്നാണ് ഇ.ഡിയുടെ ആരോപണം. ഡൽഹി സർക്കാറിലെ മന്ത്രി, ആപ് നേതാക്കൾ തുടങ്ങിയവരുമായി അദ്ദേഹം ഗൂഢാലോചന നടത്തിയെന്നും ഇ.ഡി ആരോപിക്കുന്നു. കേസിൽ പ്രതിചേർത്ത വിവരം അന്വേഷണ ഏജൻസി സുപ്രീംകോടതിയെ അറിയിച്ചു. അറസ്റ്റിനെ ചോദ്യം ചെയ്തുള്ള കെജ്രിവാളിന്‍റെ ഹരജി വിധി പറയാൻ കോടതി മാറ്റിവെച്ചു.
കെജ്രിവാളും ഹവാല ഇടപാടുകാരും തമ്മിൽ ഫോണിൽ അയച്ച സന്ദേശങ്ങൾ വീണ്ടെടുത്തതായി ഇ.ഡി സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കെജ്രിവാൾ ലാപ്ടോപ്പിന്‍റെയും മറ്റും പാസ്‌വേഡ് കൈമാറാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് ഹവാല ഓപ്പറേറ്റർമാരുടെ ഉപകരണങ്ങളിൽനിന്ന് സന്ദേശങ്ങളുടെ റെക്കോഡുകൾ വീണ്ടെടുത്തതെന്നാണ് ഇ.ഡി അവകാശപ്പെടുന്നത്.