ദില്ലി: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ തന്നെ ആക്രമിച്ചത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ ആളുകള്‍ തന്നെയെന്ന് ദില്ലിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ കനയ്യ കുമാര്‍. തന്നെ ആക്രമിച്ചത് മനോജ് തിവാരിയുടെ കൂട്ടാളികളായ ബിജെപി പ്രവർത്തകരാണെന്ന് കനയ്യ കുമാർ പറഞ്ഞു. ഇന്നലെ വൈകീട്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ കനയ്യ കുമാറിനെ മാല അണിയിക്കാനെന്ന വ്യാജേന എത്തിയ യുവാക്കള്‍ ആക്രമിച്ചത്.
പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള നീക്കങ്ങളുടെ ബാക്കിയാണ് തനിക്കെതിരെയുള്ള ആക്രമണം. പരാജയം ഭയന്നാണ് അവരുടെ അക്രമം. നടപ്പാക്കിയ വികസനമൊന്നും പറയാൻ ഇല്ലാത്തതാണ് അക്രമത്തിന് പ്രേരിപ്പിച്ചത്. അക്രമത്തിന് ജനം വോട്ടിലൂടെ മറുപടി നൽകണം. സംഭവത്തിൽ പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്. തൻ്റെ സുരക്ഷ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കൂടി ഉത്തരവാദിത്വമാണ്. ലൈക്കിനും, വ്യൂസിനും വേണ്ടിയാണ് അക്രമികൾ ഇത് ചെയ്തതെന്നും കനയ്യകുമാർ പ്രതികരിച്ചു. അക്രമി മനോജ് തിവാരിയുടെ ഒപ്പം നിൽക്കുന്ന ചിത്രവും കനയ്യ പുറത്തുവിട്ടു.
കനയ്യ കുമാര്‍ രാജ്യത്തെ ഭിന്നിപ്പിക്കുന്നുവെന്നും സൈനികര്‍ക്കെതിരെ സംസാരിക്കുന്നുവെന്നും ആക്രമിക്കാനെത്തിയ യുവാക്കള്‍ വിളിച്ചുപറഞ്ഞിരുന്നു. കനയ്യ കുമാറിനെ ആക്രമിച്ചതിന് പുറമെ എഎപി വനിതാ എംഎല്‍എയോട് ഇവര്‍ മോശമായി പെരുമാറിയെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. അതേസമയം, കനയ്യ കുമാറിനെ ആക്രമിച്ച പ്രതികളില്‍ രണ്ടുപേർ നേരത്തെ മസ്ജിദിൽ കയറി ബഹളമുണ്ടാക്കിയ കേസിലെ പ്രതികളാണെന്നാണ് വിവരം.