തിരുവനന്തപുരം: സ്വര്‍ണ്ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട് പോകുന്നതിനിടെ ഇന്ന് മാത്രം സംസ്ഥാനത്ത് മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് പിടിച്ചത് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണം. രാവിലെ തന്നെ കണ്ണൂർ വിമാനത്താവളത്തിൽ തലയിണ കവറിലും ചോക്ലേറ്റ് കവറിലും ഒളിപ്പിച്ച് കടത്തിയ 576 ഗ്രാം സ്വര്‍ണ്ണം പിടികൂടിയെന്ന വാര്‍ത്ത വരുന്നു. സ്വര്‍ണ്ണം കടത്തിയ കാസർകോട് സ്വദേശികളായ റിയാസ്, നിസാർ എന്നിവരും പിടിയിലായി.
ഇതിന് പിന്നാലെ കൊച്ചി – നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് സമാനമായ വാര്‍ത്ത. ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയുടെ പക്കല്‍ നിന്നാണ് ഇവിടെ സ്വര്‍ണ്ണം പിടിച്ചത്. ഗുളിക രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 430 ഗ്രാം. സിറാജുദ്ദീൻ എന്നയാളാണ് പിടിയിലായത്. ലഗേജുകളൊന്നുമില്ലാതെ ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിക്കുന്നതിനിടയിൽ സംശയം തോന്നി ഇയാളുടെ ദേഹപരിശോധന നടത്തിയതോടെയാണ് സ്വര്‍ണ്ണം പിടികൂടാനായത്.
ഇവിടെയും തീര്‍ന്നില്ല. തൊട്ടുപിന്നാലെ കോഴിക്കോട്- കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും അടുത്ത സ്വര്‍ണ്ണവേട്ടയുടെ വാര്‍ത്ത. എട്ട് യാത്രക്കാരില്‍ നിന്നായി 6.31 കോടി രൂപയുടെ സ്വര്‍ണ്ണം- അഥവാ 8.8 കിലോയോളം സ്വര്‍ണ്ണം പിടിച്ചിരിക്കുന്നു. സംഭവത്തില്‍ മലപ്പുറം, വയനാട്, കോഴിക്കോട് സ്വദേശികള്‍ പിടിയിലായി. ചെരിപ്പിന്റെ സോളിലും ശരീരത്തിലുമായി ഇവര്‍ ഒളിപ്പിച്ചു കടത്തിയ സ്വർണ്ണമാണ് പിടികൂടിയത്.