ബെംഗളൂരു: ഭാര്യയ്ക്കും 23 വയസ്സുള്ള ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നൽകുന്നതിൽ വീഴ്ച വരുത്തിയ ഭർത്താവിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിട്ട് കർണാടക ഹൈക്കോടതി. നേരത്തെ ജസ്റ്റിസുമാരായ അനു ശിവരാമൻ, അനന്ത് രാമനാഥ് ഹെഗ്‌ഡെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഭാര്യയ്ക്കും മകനും ചിലവിനായി 5,000 രൂപ വീതം നൽകണമെന്ന് വിധിച്ചത്. 2012 ഏപ്രിൽ മുതൽ പ്രതിമാസം അയ്യായിരം ചിലവിന് നൽകണമെന്ന് ഉത്തരവിട്ടെങ്കിലും ഭർത്താവ് തുക നൽകാത്തതിനെ തുടർന്ന് സ്വത്തുക്കൾ കണ്ടുകെട്ടുകയായിരുന്നു.
ബെംഗളൂരുവിലെ ഉത്തരഹള്ളിയിലുള്ള ഭർത്താവിൻ്റെ 1,276 ചതുരശ്ര അടി വിസ്തീർണമുള്ള വീട് കണ്ടുകെട്ടിയതായി കോടതി അറിയിച്ചു. മറ്റ് സ്വത്തുവിവരങ്ങൾ ഭാര്യ നൽകിയിട്ടുണ്ടെങ്കിൽ, അതിലും നടപടിയെടുക്കുമെന്നും കോടതി പറഞ്ഞു. 2002ൽ ഭർത്താവിന്റെ വീട്ടിൽ നിന്ന് താമസം മാറിയ യുവതിയും മകനും ചിലവിനു വേണ്ടി കോടതിയെ സമീപിക്കുകയായിരുന്നു. പ്രതിമാസം ഭാര്യയ്ക്ക് 2000 രൂപയും മകന് ആയിരം രൂപയുമാണ് നൽകിയിരുന്നത്. പിന്നീടത് 5000 രൂപയാക്കി വർധിപ്പിക്കണമെന്ന് യുവതി വീണ്ടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ 3000 രൂപ നൽകാനാണ് കോടതി ഉത്തരവിട്ടത്. അതിനിടയിലാണ് തുക കുറവാണെന്നും കൃത്യമായി ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി യുവതി വീണ്ടും ഹൈക്കോടതിയിലെത്തുന്നത്.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ തുക വീണ്ടും 5000 ആക്കി ഉയർത്തുകയായിരുന്നു. എന്നാൽ ഈ തുക നൽകുന്നതിൽ വീഴ്ച്ച വരുത്തിയതിനെ തുടർന്നാണ് കോടതി ഭർത്താവിന്റെ വീട് കണ്ടുകെട്ടാൻ ഉത്തരവിട്ടത്. മറ്റു സ്വത്തുക്കളുണ്ടെങ്കിലും അതിലും നടപടിയെടുക്കുമെന്ന് കോടതി വ്യക്തമാക്കി.