പാനൂരിന് സമീപം ചെറ്റക്കണ്ടിയിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകരെ രക്തസാക്ഷികളാക്കി സ്മാരകമന്ദിരം ഒരുക്കി സി.പി.എം. ബോംബ് നിർമാണത്തിനിടെ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവരുടെ സ്മരണക്ക് പാർട്ടി നിർമിച്ച മന്ദിരം മേയ് 22ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
2015 ജൂൺ ആറിനാണ് ചെറ്റക്കണ്ടി തെക്കുംമുറി കാക്രൂട്ട് കുന്നിൻമുകളിൽ നടന്ന ഉഗ്രസ്ഫോടനത്തിൽ ഷൈജുവും സുബീഷും മരിച്ചത്. മൂന്നുപേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനം നടന്നയുടൻ അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മരിച്ചവരെയും പരിക്കേറ്റവരെയും തള്ളിപ്പറഞ്ഞിരുന്നു. എന്നാൽ, പോസ്റ്റ്മോർട്ടം നടത്തി മൃതദേഹങ്ങൾ നാട്ടിലെത്തിച്ചപ്പോഴേക്കും പാർട്ടി നിലപാട് മാറിമറിഞ്ഞു. അന്നത്തെ ജില്ല സെക്രട്ടറി പി. ജയരാജനാണ് കൊല്ലപ്പെട്ട ഇരുവരുടെയും മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത്. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹങ്ങൾ സംസ്കരിക്കുകയും ചെയ്തു.
2016 മുതൽ ഇവരുടെ ചരമവാർഷികവും സി.പി.എം സമുചിതമായി ആചരിക്കാൻ തുടങ്ങി. താമസിയാതെ സ്മാരകം നിർമിക്കുന്നതിന് ഫണ്ട് സമാഹരണത്തിനും പാർട്ടി തുടക്കമിട്ടു. ഇരുവർക്കും സ്മാരക സ്തൂപവും പാർട്ടി നിർമിച്ചു. ഇതിനോട് ചേർന്നാണ് ഇപ്പോൾ കെട്ടിടവും ഒരുക്കിയത്.
ലോക്സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് പാനൂർ മുളിയാതോട് ഒരാളുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തെയും പാർട്ടി തള്ളിപ്പറഞ്ഞിരുന്നു. ബോംബ് നിർമാണത്തിനിടെ കൈവേലിക്കൽ സ്വദേശി ഷെറിൽ മരിക്കുകയും മൂന്നുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലും പാർട്ടിക്ക് പങ്കില്ലെന്നാണ് സി.പി.എം നിലപാട് വ്യക്തമാക്കിയിരുന്നത്. ഭാവിയിൽ ഈ മരണവും രക്തസാക്ഷിയായി മാറി സ്മാരകം പണിയുമെന്നാണ് യു.ഡി.എഫ് പരിഹാസം.