റിയാദ്: സൗദി അറേബ്യയിൽ താമസിക്കുന്ന ഉംറ വിസക്കാർക്ക് ആ വിസ ഉപയോഗിച്ച് ഹജ്ജ് ചെയ്യാൻ കഴിയില്ലെന്ന് ഹജ്ജ്, ഉംറ മന്ത്രാലയത്തിെൻറ മുന്നറിയിപ്പ്. ഉംറ തീർഥാടകർ വിസയുടെ കാലാവധി പാലിക്കണം. കാലാവധി അവസാനിക്കുന്നതിന് മുമ്പ് മക്ക വിടണം. പ്രത്യേകിച്ച് മസ്ജിദുൽ ഹറാം പരിസരത്തുണ്ടാവരുത്. അല്ലാത്തപക്ഷം നിയമനടപടി നേരിേടണ്ടിവരുമെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം ഹജ്ജുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ലംഘിക്കുന്നത് തടയാൻ സുരക്ഷ വകുപ്പ് തീവ്രശ്രമം തുടരുകയാണ്. മക്കക്കടുത്തുള്ള ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഹജ്ജ് പ്രചാരണങ്ങളുടെ പ്രമോട്ടർമാരെ പിടികൂടാൻ വ്യാപകമായ നിരീക്ഷണവും ആരംഭിച്ചിട്ടുണ്ട്. വ്യാജ ഹജ്ജ് പരസ്യങ്ങൾ നൽകിയ ചിലയാളുകൾ ഇതിനകം പൊലീസ് പിടിയിലായിട്ടുണ്ട്. അനുമതിയില്ലാതെ ഹജ്ജ് ചെയ്യാനെത്തുന്നത് ഉൾപ്പടെ നിയമ ലംഘം നടത്തുന്നവർക്കുള്ള പിഴശിക്ഷ ദുൽഖഅദ് 25 മുതൽ അടുത്ത വർഷം ദുൽഹജ്ജ് 14 വരെയുള്ള കാലാവധിയിൽ നടപ്പാക്കാൻ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.