തെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ് നടത്തിയതായി റിപ്പോർട്ട്. “ഹാർഡ് ലാൻഡിങ്” നടത്തിയെന്നാണ് ഇറാൻ സ്റ്റേറ്റ് മീഡിയ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാതെ റിപ്പോർട്ട് ചെയ്യുന്നത്.
കിഴക്കൻ അസർബൈജാൻ പ്രവിശ്യയിലൂടെ യാത്ര ചെയ്യുമ്പോഴാണ് സംഭവം. ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ വടക്ക് പടിഞ്ഞാറാണിത്. അതിർത്തിയിലെ ജോൽഫ നഗരത്തിന് സമീപമാണ് സംഭവം നടന്നതെന്ന് സ്റ്റേറ്റ് ടിവി പറഞ്ഞു. ഇറാൻ വിദേശകാര്യ മന്ത്രിയും അസർബൈജാൻ പ്രവിശ്യയുടെ ഗവർണറും മറ്റ് ഉദ്യോഗസ്ഥരും ഹെലികോപ്റ്ററിലുണ്ടായിരുന്നു.
അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവിനൊപ്പം ഒരു അണക്കെട്ട് ഉദ്ഘാടനം ചെയ്യാൻ ഞായറാഴ്ച രാവിലെയാണ് റഈസി അസർബൈജാനിൽ എത്തിയത്.