തിരുവനന്തപുരം: ഒറ്റ മഴയിൽ നഗരത്തിലെ പല പ്രദേശങ്ങളും വെള്ളക്കെട്ടിൽ ആയതോടെ തലസ്ഥാനത്തെ മഴക്കെടുതിക്ക് പരിഹാര നടപടികളുമായി കോര്‍പറേഷന്‍. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി ഓടകള്‍ വൃത്തിയാക്കി ചെളി വാരുന്ന പ്രവൃത്തികള്‍ക്ക് തുടക്കമായി. ദുരിതം ഏറെ അനുഭവിക്കുന്ന മേഖലയ്ക്കാണ് മുൻഗണന. ഒറ്റമഴയില്‍ വെള്ളക്കെട്ടിലായ നഗരത്തിലെ പ്രധാനയിടങ്ങളിലാണ് ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായ ശുചീകരണം. ഇന്നലെ പെയ്ത മഴയില്‍ വെള്ളത്തിനടിയിലായ അട്ടക്കുളങ്ങര, ചാല റോഡുകളിലായിരുന്നു ആദ്യം ശുചീകരണം. മറ്റു റോഡുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളിലും തുടരും.
നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടുത്ത ദിവസം തന്നെ സക്ഷന്‍ കം ജെറ്റിങ് മെഷീനും എത്തിക്കും. കൊച്ചിയില്‍ പരീക്ഷിച്ച മെഷീന്‍ തലസ്ഥാനത്തും പരീക്ഷിക്കാനാണ് കോര്‍പ്പറേഷന്‍റെ തീരുമാനം. യന്ത്രമെത്തിക്കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ വൈകിയതും സ്മാർട്ട് റോഡ് നിർമാണം പൂർത്തിയാവാത്തതും കനത്ത മഴയിൽ നഗരത്തെ കുളമാക്കിയിട്ടുണ്ട്.