പുനെ: മദ്യപിച്ച് കാറോടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ 17കാരന് നിസാര വ്യവസ്ഥകളോടെ മണിക്കൂറുകൾക്കുള്ളിൽ ജാമ്യം അനുവദിച്ച് കോടതി. കുറ്റം ഗുരുതരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം.പുനെയിലെ കൊറേഗാവ് പാർക്കിനടുത്ത് ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. 17കാരൻ ഓടിച്ചിരുന്ന പോർഷെ കാർ ഇരുചക്ര വാഹനത്തിലിടിക്കുകയും രണ്ട് പേർ കൊല്ലപ്പെടുകയുമായിരുന്നു. അമിതവേഗമാണ് അപകടത്തിന് കാരണം. സംഭവത്തിന് പിന്നാലെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തി 14 മണിക്കൂറിനകം പ്രതിക്ക് അപകടങ്ങളെക്കുറിച്ച് ഉപന്യാസം എഴുതുക, 15 ദിവസം യെരവാഡയിലെ ട്രാഫിക് പൊലീസിനൊപ്പം നിൽക്കുക, മദ്യപാനം ഉപേക്ഷിക്കാൻ ചികിത്സ നേടുക, മാനസികാരോഗ്യ കൗൺസിലിങ്ങിന് വിധേയമാവുക എന്നീ വ്യവസ്ഥകളോടെ ജുവനൈൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ 304-ാം വകുപ്പ് പ്രകാരമാണ് സംഭവത്തിൽ കൗമാരക്കാനെതിരെ കേസെടുത്തിരുന്നത്. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിയെ പ്രായപൂർത്തിയായ വ്യക്തിക്ക് സമാനമായി കണക്കാക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടെങ്കിലും നിരസിക്കുകയായിരുന്നുവെന്ന് പുനെ പൊലീസ് കമീഷണർ അമിതേഷ് കുമാർ പറഞ്ഞു. ജുവനൈൽ കോടതി ഉത്തരവിനെതിരെ ഹൈകോടതിയിൽ അപ്പീൽ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












