ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിെന്റ അഞ്ചാംഘട്ട വോട്ടെടുപ്പിൽ 57.47 ശതമാനം പോളിങ്.ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 49 സീറ്റുകളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നത്. പശ്ചിമ ബംഗാളിലാണ് ഏറ്റവും കുടുതൽ പോളിങ് രേഖപ്പെടുത്തിയത് 73 ശതമാനം. മഹാരാഷ്ട്രയിലെ 13 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഇതോടെ, സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലും വോട്ടെടുപ്പ് പൂർത്തിയായി.
ഹിമാചൽ പ്രദേശിലെ മണ്ടി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയായ കങ്കണ റണാവത്തിനുനേരെ കോൺഗ്രസ് പ്രവർത്തകർ കരിക്കൊടി കാണിച്ചു. സംഭവത്തിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകി. ആന്ധ്രപ്രദേശിൽ തെരഞ്ഞെടുപ്പ് അക്രമണവുമായി ബന്ധപ്പെട്ട് 124 പേരെ അറസ്റ്റ് ചെയ്തു.
വോട്ടെടുപ്പ് നടന്ന പശ്ചിമ ബംഗാളിലെ ഏഴ് മണ്ഡലങ്ങളിൽ പലയിടത്തായി സംഘർഷം റിപ്പോർട്ട് ചെയ്തു. ബരക്പുർ, ബൊങ്കാവോൺ, ആരംബഗ് എന്നിവടങ്ങളിൽ തൃണമൂൽ, ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി. ഏജന്റുമാരെ ബൂത്തിൽ പ്രവേശിപ്പിക്കാതെ തടഞ്ഞതുൾപ്പെടെ ആയിരത്തിലധികം പരാതികൾ കമിഷന് ലഭിച്ചിട്ടുണ്ട്. ആരംബഗിൽ നിന്ന് രണ്ട് ബോംബുകൾ കണ്ടെടുത്തു. ബി.ജെ.പിക്കാർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി തൃണമൂൽ സ്ഥാനാർഥി മിതാലി ബേഗ് ആരോപിച്ചു. ഹൂഗ്ലിയിൽ ബി.ജെ.പിയുടെ സിറ്റിങ് എം.പിയും സ്ഥാനാർഥിയുമായ ലോകറ്റ് ചാറ്റർജിക്കെതിരെ തൃണമൂൽ പ്രവർത്തകർ പ്രതിഷേധം ഉയർത്തി. തുടർന്ന് ലോകറ്റ് ചാറ്റർജി കാറിൽനിന്ന് ഇറങ്ങി പ്രതിഷേധിച്ചു. ഹൗറയിൽ പലയിടത്തും സംഘർഷമുണ്ടായി.
ജമ്മു-കശ്മീരിലെ ബാരാമുല്ലയിൽ റെക്കോഡ് പോളിങ് രേഖപ്പെടുത്തി. അഞ്ചുമണി വരെ 54.21 ശതമാനം പേരാണ് മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ എട്ട് ലോക്സഭ തെരഞ്ഞെടുപ്പുകളിലെ ഏറ്റവും ഉയർന്ന വോട്ടുനിലയാണ് ഇത്. 17.38 ലക്ഷം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.
സെലിബ്രിറ്റികൾ പോളിങ് ബൂത്തിൽ
മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ വോട്ട് ചെയ്ത് ബോളിവുഡ് താരങ്ങൾ. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ആമിർ ഖാൻ, അക്ഷയ് കുമാർ എന്നിവരാണ് മുംബൈയിലെ വിവിധ പോളിങ് ബൂത്തുകളിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. അമിതാഭ് ബച്ചൻ, ഭാര്യ ജയ എന്നിവർ മുംബൈയിലെ ജുഹു മേഖലയിലെ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
ഷാരൂഖ് ഖാൻ, ഭാര്യ ഗൗരി, മകൻ ആര്യൻ, മകൾ സുഹാന, ഇളയ മകൻ അബ്രാം എന്നിവരും ബാന്ദ്രയിലെ പോളിങ് സ്റ്റേഷനിൽ വോട്ടു ചെയ്തു. സൂപ്പർതാരം സൽമാൻ ഖാന്റെ പിതാവ് സലിം ഖാനും മാതാവ് സൽമയും വോട്ട് രേഖപ്പെടുത്തി. വോട്ട് ചെയ്ത ശേഷം മഷി പുരട്ടിയ വിരൽ കൊണ്ട് രൺബീർ കപൂർ ഫോട്ടോക്ക് പോസ് ചെയ്തു. ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്ന രൺവീറും ദീപികയും ബാന്ദ്രയിലെ പോളിങ് ബൂത്തിൽ വോട്ട് ചെയ്യാനെത്തി.
വോട്ടുചെയ്യുന്നതിനുമുമ്പ് സ്ഥാനാർഥിയെ പഠിക്കണമെന്നും എന്തിനാണ് വോട്ടുചെയ്യുന്നതെന്ന് അറിയണമെന്നും കുടുംബത്തോടൊപ്പം വോട്ട് ചെയ്യാനെത്തിയ ഹൃത്വിക് റോഷൻ പറഞ്ഞു. ഇന്ത്യൻ പൗരത്വം തിരിച്ചുകിട്ടിയ അക്ഷയ് കുമാർ ജുഹുവിലെ പോളിങ് ബൂത്തിൽ ആദ്യമായി വോട്ടു ചെയ്തു. ഫർഹാൻ അക്തറും അദ്ദേഹത്തിന്റെ സഹോദരിയും ഡയറക്ടറുമായ സോയ അക്തറും മാതാവ് ഹണി ഇറാനിയും ബാന്ദ്ര വെസ്റ്റിൽ വോട്ടു ചെയ്തു.
റായ്ബറേലിയിൽ കോൺഗ്രസിന്റെ സ്ലിപ് വിതരണം തടഞ്ഞു
ലഖ്നോ: റായ്ബറേലിയിൽ വോട്ടർ സ്ലിപ് വിതരണത്തിന് ഒരുക്കിയ കോൺഗ്രസ് ബൂത്തിനു നേരെ ബി.ജെ.പി അതിക്രമം. വോട്ടർ സ്ലിപ്പുകളും വോട്ടർപട്ടികയും തട്ടിയെടുത്ത് നശിപ്പിച്ചെന്നും വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. റായ്ബറേലിയിലെ 312ാം ബൂത്തിലാണ് സംഭവം. ബി.ജെ.പി സ്ഥാനാർഥി ദിനേശ് പ്രതാപ് സിങ്ങിന്റെ സഹോദരൻ ഉദയ് സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമമെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.