അമ്പലപ്പുഴ: ചെറിയ മഴ പെയ്തപ്പോൾ തന്നെ ദേശീയപാതയിൽ വെള്ളക്കെട്ട് രൂക്ഷമായി. അമ്പലപ്പുഴ ജംഗ്ഷന് തെക്ക് പായൽക്കുളങ്ങര ക്ഷേത്രത്തിന് മുന്നിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത് മൂലം നാട്ടുകാരും യാത്രക്കാരും വലഞ്ഞത്. കഴിഞ്ഞ രാത്രി മുതൽ തോരാതെ പെയ്ത മഴയിൽ ഈ പ്രദേശമാകെ വെള്ളത്തിൽ മുങ്ങുകയായിരുന്നു. ഇവിടെ ദേശീയപാതാ നിർമാണം നടക്കുന്നതിനാൽ നേരത്തെ തന്നെ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണുള്ളത്.
മഴ ശക്തമായതോടെ റോഡ് കടലിന് സമാനമായി. ഇതോടെ ചെറുതും വലുതുമായ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാതെ വന്നതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. പി എസ് സി പരീക്ഷയെഴുതാൻ പോയ ഉദ്യോഗാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ഇതിൽ വലഞ്ഞത്.
റോഡിലെ വെള്ളം സമീപത്തെ ഓടയിലേക്ക് ഒഴുകിപ്പോകാതെ വന്നതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമായത്. തുടർന്ന് ഇന്നലെ ഉച്ചയോടെ ജെസിബിയെത്തിച്ച് ഓടയിലേക്ക് വെള്ളം ഒഴുക്കിവിട്ടതോടെയാണ് ഇതിന് പരിഹാരമായത്. റോഡ് നിർമാണം നടക്കുന്ന പലയിടത്തും ദേശീയ പാതയ്ക്കരിയിൽ ചെറിയ മഴയിൽ പോലും വെള്ളക്കെട്ട് രൂപപ്പെട്ടത് യാത്രക്കാരെ ദുരിതത്തിലാക്കുകയായിരുന്നു.