സിംഗപ്പൂർ: സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരു മരണം. 30 പേർക്ക് പരിക്കേറ്റു. ആകാശച്ചുഴിയിൽ പെട്ടതിന് പിന്നാലെ വിമാനം ബാങ്കോക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.
ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള എസ്.ക്യു 21 വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. ലണ്ടൻ ഹീത്രു വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച പുറപ്പെട്ട ബോയിങ് 777–300 ഇ.ആർ വിമാനത്തിൽ 211 യാത്രക്കാരും 18 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
ആകാശച്ചുഴിയിൽ പെട്ടതിന് പിന്നാലെ ബാങ്കോക്കിലേക്ക് വിമാനം വഴിതിരിച്ചുവിടുകയായിരുന്നു. പ്രാദേശിക സമയം 3.45ന് വിമാനം ലാൻഡ് ചെയ്തു. വിമാനത്തിലെ യാത്രക്കാർക്ക് ആവശ്യമായ മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കിയിരുന്നതായി വിമാനത്താവള അധികൃതർ അറിയിച്ചു.