കൊച്ചി: മുഖ്യമന്ത്രിയുടെ വിദേശയാത്രക്ക് സർക്കാർ ഖജനാവിൽനിന്ന് തുകയൊന്നും ചെലവഴിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ. സർക്കാർ ഉദ്യോഗസ്ഥരോ സുരക്ഷ ഉദ്യോഗസ്ഥരോ അദ്ദേഹത്തെ അനുഗമിച്ചിട്ടുമില്ല. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസിന്‍റെയും കെ.ബി. ഗണേഷ് കുമാറിന്‍റെയും യാത്രകളും സ്വന്തം ചെലവിലായിരുന്നെന്ന് രേഖകൾ വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞയാഴ്ചകളിൽ മുഖ്യമന്ത്രിയും കുടുംബവും ദുബൈ, ഇന്തോനേഷ്യ, സിംഗപ്പൂർ യാത്ര നടത്തിയത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ യാത്ര ഔദ്യോഗികമായിരുന്നില്ലെന്ന് പൊതുഭരണ വകുപ്പ് കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് നൽകിയ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കി.












