ഹൈദരാബാദ്: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024നിടെ ആന്ധ്രാപ്രദേശില്‍ പോളിംഗ് ബൂത്തിലെത്തി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തകര്‍ത്തു എന്ന ആരോപണത്തില്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എംഎല്‍എയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അന്വേഷണം. പല്‍നാഡു ജില്ലയിലെ മച്ചര്‍ല ലോക്സഭ മണ്ഡലത്തിലെ ബൂത്തില്‍ എംഎല്‍എ പി രാമകൃഷ്‌ണ റെഡ്ഡി ഇവിഎം തകര്‍ക്കുന്നത് ക്യാമറയില്‍ പതിഞ്ഞിരുന്നു. എംഎല്‍എയ്ക്കൊപ്പം മറ്റ് ചിലരും കൂടെയുണ്ടായിരുന്നു. ഇവിഎം എടുത്ത് തറയിലിടുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഇലക്ഷന്‍ കമ്മീഷന്‍ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കിയത്.
ബൂത്തില്‍ നിന്ന് പ്രചരിച്ച ദൃശ്യങ്ങളുടെ സത്യാവസ്ഥ അറിയാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന പൊലീസിന്‍റെ സഹായം തേടി. പല്‍നാഡ് ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വീഡിയോ പൊലീസിന് നല്‍കിയിട്ടുണ്ട്. എംഎല്‍എയെ പ്രതി ചേര്‍ത്താണ് പൊലീസ് വിവാദ സംഭവം അന്വേഷിക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തകര്‍ത്ത സംഭവം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. സംഭവത്തിലെ എല്ലാ കുറ്റക്കാര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ ഡിജിപിയോട് ആവശ്യപ്പെടാന്‍ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ മുകേഷ് കുമാര്‍ മീനയ്ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഭാവിയില്‍ തെരഞ്ഞെടുപ്പുകള്‍ സമാധാനപരമായി നടക്കാന്‍ ഇത്തര കുറ്റങ്ങള്‍ ആരും ആവര്‍ത്തിക്കില്ല എന്ന പ്രതീക്ഷയാണ് തെരഞ്ഞെടുപ്പ് കമ്മീഷനുള്ളത്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭീതികൊണ്ടാണ് വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എംഎല്‍എ വോട്ടിംഗ് മെഷീന്‍ തകര്‍ത്തത് എന്നാണ് തെലുങ്ക് ദേശം പാര്‍ട്ടിയുടെ ആരോപണം. ‘വൈഎസ് ജഗന്‍ മോഹന്‍ റെഡി ആന്ധ്രയില്‍ വോട്ട് ചെയ്തവരുടെ വിശ്വാസം നഷ്ടപ്പെടുത്തി. തോല്‍വി ഭയന്നാണ് പി രാമകൃഷ്‌ണ റെഡ്ഡി ഇവിഎം തകര്‍ത്തത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയാണ്. വൈഎസ്‌ആര്‍ കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയത്തിനുള്ള വിധി ജൂണ്‍ നാലിന് അറിയാമെന്നും’ ടിഡിപി നേതാവും പ്രതിപക്ഷ നേതാവുമായ നാരാ ലോകേഷ് ട്വീറ്റ് ചെയ്തു.