കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഇരയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് കോടതിയിൽ ഹർജി സമർപ്പിച്ചു. കോടതി നൽകുന്ന സമയപ്രകാരം പെൺകുട്ടിയെ വിളിച്ചു വരുത്തിയാവും മൊഴിയെടുക്കുക. ചികിൽസയിൽ കഴിയുന്ന പ്രതിയുടെ അമ്മയും, സഹോദരിയും മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്. ഹർജി ഈ മാസം 27ന് കോടതി വീണ്ടും പരിഗണിക്കും. അത് വരെ ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടക്കേണ്ടത്തില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘമുള്ളത്. ബ്ലൂ കോർണർ നോട്ടീസിന് മറുപടി കിട്ടിയാൽ ഉടൻ നടപടികൾ പൂർത്തിയാക്കി റെഡ് കോർണർ നോട്ടിസ് നൽകാൻ കഴിയുമോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
ഗാര്‍ഹിക പീഡന കേസില്‍ രാഹുലിനൊപ്പം ഇയാളുടെ അമ്മയെയും സഹോദരിയെയും യഥാക്രമം രണ്ടും മൂന്നും പ്രതികളായി ചേർത്തിട്ടുണ്ട്. ഇതിനിടെ, രാഹുലിന്‍റെ വീട്ടിൽ പരിശോധന നടത്തിയ അന്വേഷണ സംഘം, ഇയാളുടെ കാർ കസ്റ്റഡിയിലെടുത്തിരുന്നു. കാറിൽ നിന്ന് രക്തക്കറ കണ്ടെത്തിയിരുന്നു. ഇതിൽ ഫൊറൻസിക് ശാസ്ത്രീയ പരിശോധന നടത്തും. യുവതിയുടെ കഴുത്തിൽ കുരുക്കിയതെന്ന് കരുതുന്ന കേബിളും അന്വേഷണ സംഘത്തിന് കിട്ടി.
എറണാകുളം വടക്കൻ പറവൂർ സ്വദേശിയായ യുവതിക്കാണ് വിവാഹത്തിന് ഏഴു ദിവസം കഴിയും മുൻപ് ഭർത്താവിൽ നിന്ന് മർദ്ദനമേൽക്കേണ്ടി വന്നത്. ഈ മാസം അഞ്ചിനായിരുന്നു ജർമ്മനിയിൽ എയർനോട്ടിക്കൽ എഞ്ചിനിയറായ രാഹുലും എറണാകുളം സ്വദേശിയായ യുവതിയും തമ്മിൽ വിവാഹം നടന്നത്. സൽക്കാരചടങ്ങിനിടെ യുവതിയുടെ ശരീരത്തിൽ പരിക്കുകൾ കണ്ടതോടെ എറണാകുളത്ത് നിന്നെത്തിയ വീട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് രാഹുൽ ഉപദ്രവിച്ചതായി പെൺകുട്ടി വെളിപ്പെടുത്തിയത്. തുടർന്നാണ് വധുവിന്റെ വീട്ടുകാർ പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകിയത്. വിവാഹബന്ധം തുടരാൻ താൽപര്യം ഇല്ലെന്ന് അറിയിച്ച് യുവതി കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് മടങ്ങുകയും ചെയ്തിരുന്നു.