കോഴിക്കോട്: വടകരയിൽ ബി.ജെ.പി യു.ഡി.എഫിന് വോട്ട് മറിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജ. എത്രവോട്ട് മറിച്ചുവെന്നൊന്നും എനിക്ക് പറയാൻ സാധിക്കില്ല. അപൂർവം ചിലയിടങ്ങളിൽ നിന്നും അത്തരം സംസാരം ഉണ്ടായിട്ടുള്ളതിനാലാണ് പാർട്ടി അങ്ങനെ പറഞ്ഞിട്ടുള്ളത്. അങ്ങനെ ശ്രമം നടന്നിട്ടുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നതെന്നും ശൈലജ പറഞ്ഞു.
ബി.ജെ.പി യു.ഡി.എഫിനായി വോട്ട് മറിച്ചുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ അഭിപ്രായത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശൈലജ. വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് പിന്നിലൊരിക്കലും ഞങ്ങളല്ല. യു.ഡി.എഫ് ഇത്തരത്തിലുള്ള എന്തെല്ലാം പ്രചാരണങ്ങൾ നടത്തി. ജനങ്ങൾ അതെല്ലാം വിശ്വസിക്കുമോ?. അങ്ങനെ വിശ്വാസത്തിലെടുത്താൽ എന്താ ചെയ്യുക. ഞാൻ കുറെയേറെ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ആ സമയത്തൊന്നും ഇങ്ങനെ വ്യക്തിപരമായി, വൃത്തിക്കെട്ട അധിക്ഷേപം ചൊരിയുന്ന സാഹചര്യമുണ്ടായിട്ടില്ല.
തെരഞ്ഞെടുപ്പ് വേളയിൽ രാഷ്ട്രീയം പറഞ്ഞിട്ടുണ്ട്. വ്യക്തിപരമായി ആരെയും അധിക്ഷേപിച്ചിട്ടില്ല. എനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപമാണ് വടകരയിൽ കണ്ടത്. തെരഞ്ഞെടുപ്പിൽ തോൽക്കാം ജയിക്കാം. അതെല്ലാം വോട്ടെണ്ണിക്കഴിഞ്ഞെ പറയാൻ കഴിയൂ. പക്ഷെ, ഞാൻ പറയുന്നു വടകരയിൽ ജയിക്കും. ഈ വ്യക്തി അധിക്ഷേപം അവസാനിപ്പിക്കണം. നമുക്കിവിടെ രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ടെയെന്നും ശൈലജ ചോദിച്ചു.