തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ വാർഡുകളിൽ വെള്ളം കയറി. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലെ വാർഡുകളിലാണ് വെള്ളം കയറിയത്. ജില്ലയിൽ നാല് കൺട്രോൾ റൂമുകൾ തുറന്നു. തൃശ്ശൂരിലും അതിശക്തമായ ഴയാണ് ലഭിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. അശ്വിനി ആശുപത്രിയിലും പരിസരത്തെ വീടുകളിലും വെള്ളം കയറി. അശ്വിനി ആശുപത്രിയുടെ ഐസിയുവില്‍ വരെയാണ് വെള്ളമെത്തിയത്. തൃശ്ശൂർ കിഴക്കെകോട്ടയിൽ ബിഷപ്പ് ഹൗസിന് സമീപം മതിൽ തകർന്നു. ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കേ നടപ്പുരയിൽ വെള്ളം കയറി.
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്കുള്ള സാധ്യത തുടരുന്നു. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. എറണാകുളം മുതൽ വയനാട് വരെയുള്ള ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്തിന് മീൻപിടിത്തത്തിന് പോകരുത്. തെക്കൻ കേരളത്തിന് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് അതിതീവ്ര മഴ സാധ്യത തുടരുന്നത്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്തമണിക്കൂറുകളിൽ കൂടുതൽ ശക്തിപ്രാപിക്കും. ഇത് തീവ്രന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. നാളെയോടെ കേരളത്തിൽ മഴയുടെ ശക്തിയിൽ അല്പം കുറവുണ്ടായേക്കും.