ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 57 മണ്ഡലങ്ങളിലാണ് മേയ് 25ന് ജനവിധിയെഴുതുക. ഡൽഹിയിലും ആറ് സംസ്ഥാനങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഹരിയാനയിലെ പത്ത് മണ്ഡലങ്ങളും പശ്ചിമ ബംഗാളിലെ ഏഴ് മണ്ഡലങ്ങളും ഇതിൽ ഉൾപ്പെടും. 57 ലോക്‌സഭാ സീറ്റുകളിലേക്ക് മൊത്തം 889 സ്ഥാനാർത്ഥികൾ മത്സരരംഗത്തുളളത്.യു.പിയിലെ 14 മണ്ഡലങ്ങളും ഡൽഹിയിലെ ഏഴ് മണ്ഡലങ്ങളിലേക്കും ആറാംഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. മേനകാ ഗാന്ധി, കനയ്യകുമാർ, സുഷമ സ്വരാജിന്റെ മകൾ ബാൻ സുരി അടക്കമുള്ള പ്രമുഖ സ്ഥാനാർഥികൾ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്. ഇതിനിടെ, വ്യാഴാഴ്ച പട്യാലയിൽ നടക്കുന്ന ആദ്യ റാലിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നത്.
ആറാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഹരിയാനയിലെ ഭിവാനി-മഹേന്ദ്രഗഡിലാണ് പ്രധാനമന്ത്രി മോദി ആദ്യം റാലിയെ അഭിസംബോധന ചെയ്യുക. തുടർന്ന് പഞ്ചാബിലേക്ക് പോകും. വ്യാഴം, വെള്ളി ദിവസങ്ങളിൽ പ്രധാനമന്ത്രി സംസ്ഥാനത്ത് മൂന്ന് പൊതു റാലികളെ അഭിസംബോധന ചെയ്യുമെന്ന് പഞ്ചാബ് ബി.ജെ.പി ജനറൽ സെക്രട്ടറി രാകേഷ് റാത്തൂർ പറഞ്ഞു. മോദിയുടെ പട്യാല യോഗത്തിന് ശേഷം അടുത്ത ദിവസം ഗുരുദാസ്പൂരിലും ജലന്ധറിലും റാലികൾ സംഘടിപ്പിക്കുമെന്നും റാത്തൂർ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടമായ പഞ്ചാബിലെ 13 ലോക്‌സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ജൂൺ ഒന്നിന് നടക്കും.