അമൃത്സർ : നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിൽ (Punjab Election 2022) പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും. ഇന്ന് ജലന്ധറിലും ഫെബ്രുവരി 16ന് പത്താൻകോട്ടിലും ഫെബ്രുവരി 17ന് അബോഹറിലുമാണ് പ്രധാനമന്ത്രി എത്തുന്നത്. മോദിക്കെതിരെ പ്രതിഷേധം നടത്താനാണ് കർഷകസംഘടനകളുടെ തീരുമാനം. സംയുക്ത കിസാൻ മോർച്ചയുടെ കീഴിലുള്ള പഞ്ചാബിലെ 23 കർഷക സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിക്കുക. ജനുവരി അഞ്ചിന് ഫിറോസ്പൂരിൽ പ്രധാനമന്ത്രിയെ റോഡിൽ തടഞ്ഞ് വെച്ച് കർഷക സംഘടനകൾ നടത്തിയ പ്രകടനങ്ങൾക്ക് പിന്നാലെയാണ് വീണ്ടും പ്രതിഷേധം ശക്തമാക്കാൻ കർഷക സംഘടനകൾ ഒരുങ്ങുന്നത്.
എല്ലാ റാലികളിലും പ്രതിഷേധം സംഘടിപ്പിക്കുകയും പ്രധാനമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുമെന്നും ഭാരതീയ കിസാൻ യൂണിയൻ – ഉഗ്രഹൻ ജനറൽ സെക്രട്ടറി സുഖ്‌ദേവ് സിംഗ് കോക്രികാലൻ പറഞ്ഞു. കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടതിനാലാണ് പ്രതിഷേധിക്കാൻ നിർബന്ധിതരാകുന്നതെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. അതേസമയം, ഉത്തർപ്രദേശില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഒമ്പത് ജില്ലകളിലെ 55 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. ജയിലില്‍ കഴിയുന്ന സമാജ്‍വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍, മകൻ അബ്ദുള്ള, യുപി ധനമന്ത്രി സുരേഷ് ഖന്ന, രാജിവെച്ച് എസ്പിയിൽ ചേർന്ന ധരംപാല്‍ സിങ് എന്നിവരാണ് ഈ ഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖർ.
2017ല്‍ ഈ മേഖലയിൽ നിന്ന് 38 സീറ്റ് നേടിയ ബിജെപിക്ക് 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ 27 നിയമസഭാ മണ്ഡലങ്ങളിലെ ലീഡ് കിട്ടിയിരുന്നുള്ളൂ. നിലവില്‍ 15 സീറ്റാണ് ഇവിടെ നിന്ന് സമാജ്‍വാദി പാര്‍ട്ടിക്ക് ഉള്ളത്. ദളിത്, പിന്നാേക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ഇവിടെ വലിയ മുന്നേറ്റം കാഴ്ചവെക്കാനാകുമെന്നാണ് എസ്പിയുടെ ആത്മവിശ്വാസം. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക.