റിയാദ്: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ഒരു ഭീകരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുഹമ്മദ് ബിന്‍ നബീല്‍ ബിന്‍ മുഹമ്മദ് ആലുജൗഹറി എന്നയാളുടെ വധശിക്ഷയാണ് നടപ്പാക്കിയത്. സുരക്ഷാ സേനാംഗങ്ങളെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഭീകരസംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനും പൊലീസ് സ്റ്റേഷനുകള്‍, ചെക്ക് പോയിന്‍റുകള്‍, പട്രോള്‍ വാഹനങ്ങള്‍ എന്നിവയ്ക്ക് നേരെ വെടിവെച്ചതിനും ഭീകരാക്രമണങ്ങളില്‍ പങ്കെടുത്തതിനുമാണ് ഇയാള്‍ ശിക്ഷിക്കപ്പെട്ടത്. അതേസമയം കൊലക്കേസ് പ്രതിയായ മറ്റൊരു സൗദി പൗരന് അസീര്‍ പ്രവിശ്യയിലും വധശിക്ഷ നടപ്പാക്കി. സൗദി പൗരനായ ഹാദി ബിൻ അലി ബിൻ ആയിദ് അൽഖഹ്താനിയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ദീബ് ബിൻ സഈദ് ബിൻ മുഹമ്മദ് അൽഖഹ്താനിയുടെ ശിക്ഷയാണ് അസീർ നടപ്പാക്കിയത്.